ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കും; തരിശുനില കൃഷി പ്രോത്സാഹിപ്പിക്കും

post

പത്തനംതിട്ട : ഭക്ഷ്യ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തരിശു നിലങ്ങള്‍ കണ്ടെത്തി കൃഷി നടത്തുന്നതിനും തീരുമാനം. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി വിശാലമായ പദ്ധതി നടപ്പാക്കും. കൃഷി കൂടുതല്‍ വ്യാപിപ്പിക്കും. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബ്ലോക്ക്തല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പന്തളം ബ്ലോക്ക് പരിധിയില്‍ വരുന്ന ആറന്മുള, കുളനട, മെഴുവേലി, പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമ പഞ്ചായത്തുകളെയും പന്തളം ബ്ലോക്ക് പഞ്ചായത്തിനെയും പന്തളം നഗരസഭയെയും പങ്കെടുപ്പിച്ചായിരുന്നു യോഗം.

  കൃഷിയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ജനകീയ കമ്മിറ്റികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളും മേയ് 16ന് അകം ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കണം. തരിശ് ഭൂമി കണ്ടെത്തി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ മേയ് 20 ന് അകം പൂര്‍ത്തിയാക്കണം.  എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഗുണഭോക്തൃ പട്ടിക ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് മേയ് 21 ന് അകം നല്‍കണമെന്നും യോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു.

യോഗത്തില്‍ എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, ജില്ലാപഞ്ചായത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അസിസ്റ്റന്‍ഡ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ കൃഷി ഓഫീസര്‍മാര്‍, മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.