കോവിഡ് പ്രതിരോധം: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണം -മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ സംവിധാനത്തില്‍ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്‌പെഷ്യലൈസ്ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോകോളുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്.

മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്തവിധം കച്ചവടസ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങള്‍ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയില്‍ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ നടപടികള്‍ വ്യക്തികളും കുടുംബങ്ങളും തയാറാകേണ്ടി വരും. റെസ്റ്റോറന്റുകളിലും ഷോപ്പിങ് സെന്ററുകളിലും മറ്റും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും നാം നമ്മുടെ ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതിതൊണ്ടായിരിക്കണം ജീവിക്കുന്നത്.

ഒരുപക്ഷെ കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ തന്നെ ലോകത്താകെ നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധര്‍ പറയുന്നത്.

കോവിഡ് 19, മനുഷ്യ ജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതാത് രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ എല്ലാ പ്രവാസി മലയാളികളും പിന്തുടരണം.  നാട് നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.