മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ്: ഫലപ്രദമായ ക്രമീകരണം ഏര്‍പ്പെടുത്തി- മുഖ്യമന്ത്രി

post

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുന്‍കൂട്ടി നല്‍കും. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്.

ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയില്‍വെ ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഡെല്‍ഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ റെയില്‍വെ പ്ലാന്‍ ചെയ്ത ട്രെയിനുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്‌പോസ്റ്റുകളിലും എത്തിയശേഷം വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജില്ലകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 185 കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക്‌പോസ്റ്റുകളിലുമുള്ള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭിക്കും.

അതിര്‍ത്തികളില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നെന്ന പരാതിയുണ്ട്. കര്‍ണാടകത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ് എന്ന വാര്‍ത്ത വന്നു. പാസില്ലാതെ ആളുകളെ കടത്തിവിട്ടു എന്ന് ചിലര്‍ ചാനലുകളിലൂടെ പറയുന്നതും കണ്ടു. ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞദിവസം വാളയാറില്‍ കണ്ടത്.

മെയ് എട്ടിന് ചെന്നൈയില്‍നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒമ്പതിന് രാത്രി വാളയാറിലെത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44കാരന്‍ കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ഒരാളും അവിടെ നിരീക്ഷണത്തിലുണ്ട്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.

കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ഇങ്ങനെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഒരാള്‍ അങ്ങനെ കടന്നുവന്നാല്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും. കര്‍ക്കശമായി നിബന്ധനകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.

പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഈ പ്രശ്‌നങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. ഛര്‍ദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു വന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുടെ ഭാഗമായി അയാളുമായി സമ്പര്‍ക്കത്തിലുണ്ടായ നഴ്‌സുമാരെ ഹോസ്പിറ്റല്‍ ക്വാറന്റൈനിലേക്കും പൊലീസുകാരെ ഹോം ക്വാറന്റൈനിലേക്കും മാറ്റി. ഇത്തരം ഘട്ടങ്ങളില്‍ സന്ദര്‍ഭാനുസരണം ചുമതല നിര്‍വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും പ്രത്യേക പിന്തുണ നല്‍കേണ്ടതുണ്ട്. അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. അവരെ അഭിനന്ദിക്കുന്നു.

ആ സമയത്ത് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റു നാട്ടുകാര്‍ എന്നിവരെ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടായി കണക്കാക്കി 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലേക്ക് വിടാവുന്നതും ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കേണ്ടതുമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.

ഈ സമ്പര്‍ക്കപ്പട്ടിക അന്തിമമല്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്റൈനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

32 ദിവസം ഗ്രീന്‍സോണില്‍ പെട്ടിരുന്ന വയനാട് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് രോഗബാധയുണ്ടായത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ സ്രവം രോഗ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി എന്ന കാരണത്താലാണ് പരിശോധനയ്ക്ക് അയച്ചത്. ആ ഒരാളില്‍നിന്ന് ഇപ്പോള്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നു.

ഈ കോണ്‍ടാക്ടില്‍ നിന്നുള്ള ഒരാളില്‍നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വന്നത്. ഇത് അസ്വസ്ഥജനകമായ അനുഭവമാണ്. വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിര്‍ത്തി ജില്ലയായതിനാലും മറ്റു സവിശേഷതകളാലും കൂടുതല്‍ പ്രശ്‌നങ്ങളുള്ള ജില്ലയാണ് വയനാട്. അത് മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ 300ലേറെ പേര്‍ക്ക് അവിടെ ടെസ്റ്റ് നടത്തി.

സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട പൊലീസിലെ ഉന്നതതല സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.