ജനസംഖ്യ അരലക്ഷത്തിലേറെ, സാമൂഹിക വ്യാപനം തടയാന്‍ കരുതലോടെ ജനം

post

കോവിഡിനെ പിടിച്ചു നിര്‍ത്തി ചെങ്കള ആരോഗ്യ കേന്ദ്രം
കാസര്‍കോട് : കോവിഡിനെ സാമൂഹിക വ്യാപനത്തിലേക്ക് തുറന്ന് വിടാതെ കര്‍ശനമായ നിരീക്ഷണങ്ങളോടെ പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നടത്തിയ സേവനം ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ വളരെ വലിയ പങ്കാണ് നിര്‍വഹിക്കുന്നത്. ജനസാന്ദ്രതാ മേഖലകളില്‍ സാമൂഹിക വ്യാപനം തടഞ്ഞ് എങ്ങനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്താമെന്നാണ് ചെങ്കളയിലെ  പ്രാഥമിക ആരോഗ്യ കേന്ദ്രം കാണിച്ചു തരുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും അരലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ സാമൂഹിക വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി പ്രചോദനാത്മകമായ മാതൃകയാണ് ഈ ആരോഗ്യ കേന്ദ്രം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. 
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 27 ല്‍ നിന്നാണ് പൂജ്യത്തിലേക്കെത്തിയത്. 2011ലെ സെന്‍സസ് പ്രകാരം 57,756 ആണ് ചെങ്കള പഞ്ചായത്തിലെ ജനസംഖ്യ. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ജനസാന്ദ്രതാ മേഖലകളിലൊന്നുമായ പഞ്ചായത്ത്. ജില്ലയില്‍ ചെമ്മനാടിനും കാസര്‍കോട് നഗരസഭക്കും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയായിരുന്നു. ഗള്‍ഫില്‍ നിന്നും വന്ന 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്കുമാണ് രോഗമുണ്ടായത്. ഇവരുടെ പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ 169 പേരെയും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 73 പേരെയും ശ്രമകരമായി കണ്ടെത്തി. തുടര്‍ പരിശോധനയുള്‍പ്പെടെ ഇതില്‍ 321 സ്രവപരിശോധനകള്‍ നടത്തി. 17ാം വാര്‍ഡായ ബേവിഞ്ചയിലായിരുന്ന ഏറ്റവും കൂടുതല്‍ കോവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പത്ത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.