തിരുവനന്തപുരം സെന്‍ട്രലിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങളായി: കെ. ഗോപാലകൃഷ്ണന്‍

post

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തുന്ന പ്രത്യേക ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് അറുനൂറിലേറെ യാത്രക്കാര്‍ ഉണ്ടാകും. കേരളത്തില്‍ കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സ്റ്റോപ്പുകള്‍ മാത്രമുള്ളതിനാല്‍ അയല്‍ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള യാത്രക്കാരും ട്രെയിനില്‍ ഉണ്ടാകും. ഇവരെല്ലാംതന്നെ കോവിഡ്19 ജാഗ്രതാ ആപ്പില്‍ പാസ് നേടിയിട്ടുണ്ടാവും. ഇത് സംബന്ധിച്ച സന്ദേശം റെയില്‍വേ യാത്രക്കാര്‍ക്ക് അയച്ചുകഴിഞ്ഞു. യാത്രക്കാരുടെ ആരോഗ്യ പരിശോധന സുഗമമാക്കുന്നതിനായി കേരളത്തിലേക്കു കടക്കുമ്പോള്‍ ട്രെയിനില്‍ വച്ചുതന്നെ പൂരിപ്പിക്കാനായി ചോദ്യാവലി നല്‍കും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇതു പരിശോധിക്കുകയും കൂടാതെ ഊഷ്മാവ് പരിശോധന, മറ്റ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നത് തുടങ്ങിയവ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. ഇതിനായി ബോഗിയില്‍ നിന്നും ഇറങ്ങുമ്പോള്‍തന്നെ ഹെല്‍പ്പ് ഡെസ്‌കിലേക്ക് എത്തുന്നതരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ചികിത്സ വേണ്ടവരെ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ ജില്ലതിരിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് സ്ഥലങ്ങളില്‍ എത്തിക്കും. തമിഴ്‌നാട് സ്വദേശികളെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളിലും നാടുകളില്‍ എത്തിക്കും.

വെള്ളിയാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് 02342 നമ്പര്‍ പ്രത്യേക തീവണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുക. അന്നേദിവസം വൈകുന്നേരം 7.40 ഓടെ ന്യൂഡല്‍ഹിയിലേക്ക് (നമ്പര്‍ 02431) മടക്കയാത്രയുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മീറ്റിംഗ് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിപി കറുപ്പുസ്വാമി, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, എഡിഎം ആര്‍.വി. വിനോദ്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.