ഹരിതകേരളം മിഷന്റെ ചാലക ശക്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: ഡോ. ടി.എന്‍ സീമ

post

കാസര്‍കോട്: ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി നിന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ പറഞ്ഞു. ഹരിതകേരളം മിഷന്‍  ജില്ലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍-സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ്  മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. വിവാഹചടങ്ങുകള്‍ക്ക് ഗ്രീന്‍പ്രേട്ടോക്കോള്‍ നിര്‍ബന്ധമാക്കിയ തൃക്കരപ്പൂര്‍ പഞ്ചായത്തും തരിശുരഹിത പഞ്ചായത്ത് ആയി മാറുന്ന മടിക്കൈ,ബേഡഡുക്ക പഞ്ചായത്തുകളും എടുത്തു പറയേണ്ട മാതൃകകളാണെന്നും അവര്‍ പറഞ്ഞു.

  ഹരിതകേരളം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് സമഗ്ര ജലപുരുജ്ജീവനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും ബഹുജന പങ്കാളിത്തത്തോടെയും തോടുകളുടെ പുനരുജ്ജീവനം നടപ്പാക്കാനാണ് ജില്ലാ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പും സംരക്ഷണത്തിനുമാണ്  മൂന്നാം വര്‍ഷത്തില്‍ ഹരിതകേരള മിഷന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. ഇതിന്റെ ആദ്യ ഘട്ടമായി 'ഇനി ഞാനൊഴുകട്ടെ' എന്ന പേരില്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി വ്യത്യസ്തമായ പരിപാടികള്‍ പഞ്ചായത്തുകള്‍ വഴി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് വലിയൊരു ജനകീയ പരിപാടിയായി മാറണമെന്നും ഡോ സീമ പറഞ്ഞു.