കാരുണ്യത്തിന്റെ മാലാഖമാര്‍ക്ക് കോന്നിയുടെ ആദരം

post

പത്തനംതിട്ട : ലോക നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ നഴ്സ്മാരെ ആദരിച്ചു. അഡ്വ.കെ.യുജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ നടന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തെല്ലായിടത്തും സ്വന്തം ജീവന്‍പോലും സുരക്ഷിതമല്ലാതിരിക്കെ നഴ്സുമാര്‍ രോഗികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരുന്ന കാഴ്ചയാണു  കാണുന്നത്.ഈ മഹത്തായ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുക്കുന്ന നഴ്സുമാര്‍ അങ്ങേയറ്റം ആദരവര്‍ഹിക്കുന്നവരാണെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ലോക നഴ്സിംഗ് ദിനാചരണം താലൂക്ക് ആശുപത്രിയില്‍ നിലവിളക്ക് കൊളുത്തി എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എല്ലാ നഴ്സുമാര്‍ക്കും പൂക്കള്‍ നല്കി ആദരിച്ചു.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നഴ്സുമാരുടെ സംരക്ഷണത്തിനായി എം.എല്‍.എ താലൂക്ക് ആശുപത്രിക്ക് പി.പി.ഇ കിറ്റും കൈമാറി.  50 പി.പി.ഇ കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോര്‍ജ് എം.എല്‍.എയില്‍ നിന്നും ഏറ്റുവാങ്ങി.

     എല്ലാ നഴ്സുമാരും എം.എല്‍.എ കൈമാറിയ ദീപം കയ്യിലേന്തി കോവിഡിനെതിരെ പോരാടുന്ന ലോകത്തിലെ എല്ലാ നഴ്സുമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നഴ്സുമാര്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി.ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോര്‍ജ്, ആര്‍.എം.ഒ ഡോ. അരുണ്‍ ജയപ്രകാശ്, ഡോ.ഗിരീഷ്, ഹെഡ് നഴ്സുമാരായ പി.വി.ചന്ദ്രമതി, എസ്.ശ്രീലത, ഇ.അസീന, താലൂക്ക് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.