ഫിലമെന്റ് രഹിത ഗ്രാമപഞ്ചായത്തായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

post

കോഴിക്കോട്: മൂന്ന് മാസമായി പഞ്ചായത്തില്‍ നടന്ന് വന്ന ഊര്‍ജ്ജ സംരംക്ഷണ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ ഫിലമെന്റ് രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ. എം. ധരേശന്‍ ഉണ്ണിത്താന്‍ കുഞ്ഞിപ്പള്ളി ആത്മവിദ്യാ സംഘം ഓഫീസ് പരിസരത്ത് വച്ചാണ് പ്രഖ്യാപനം നടത്തിയത്. 

ഓരോ വാര്‍ഡിലും 275 എല്‍.ഇ.ഡി. ബള്‍ബുകളാണ് ഒന്നിന് 50 രൂപ നിരക്കില്‍ വിതരണം ചെയ്യുക. ആകെ 5,000 ബള്‍ബുകളാണ് വിതരണം ചെയ്യുക. പഞ്ചായത്തില്‍ 12,600 കണക്ഷന്‍ ഉണ്ട്. പ്രതിമാസം 16 ലക്ഷം യുണിറ്റ് വൈദ്യുതിയാണ് അഴിയൂരില്‍ ഉപയോഗിക്കുന്നത്. അത് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 12 ലക്ഷമായി കുറക്കുന്നതിനുള്ള ഇടപെടലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫിലമെന്റ് ബള്‍ബുകള്‍ക്ക് പകരം എല്‍.ഇ.ഡി. ബള്‍ബുകളും സ്റ്റാര്‍ റേറ്റ് ഉള്ള ഉപകരണങ്ങളും നല്‍ക്കും. എങ്ങനെ ഊര്‍ജ്ജ ഉപയോഗം കുറക്കാം എന്ന കൈ പുസ്തകം എല്ലാ വീടുകളിലും നല്‍കിയിട്ടുണ്ട്. 

വടകര എം.എല്‍.എ. സി. കെ. നാണു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സബ്ബ് സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 5000 എല്‍.ഇ.ഡി. ബള്‍ബുകളുടെ വാര്‍ഡ്തല ലിസ്റ്റ് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെയ്‌സണ്‍ ഉഷ ചാത്താംങ്കണ്ടി ഡയറക്ടര്‍ക്ക് നല്‍കി. ജില്ലാ പഞ്ചായത്ത് മെംബര്‍ എ. ടി. ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ സുധ മാളിയക്കല്‍, ജസ്മിന കല്ലേരി,പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ നിഷ പറമ്പത്ത്, ഊര്‍ജ്ജ മിത്രം പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അഡ്വ. സന്തോഷ്, മുന്‍ പ്രസിഡന്റ് ഇ. ടി. അയ്യൂബ്, വാര്‍ഡ് മെംബര്‍മാരായ സുകുമാരന്‍ കല്ലറോത്ത്, സാഹിര്‍ പുനത്തില്‍, കുടുംബശ്രീ ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ആയിഷ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.