തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി

post

തൃശൂര്‍ : ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണക്കാര്‍ക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറില്‍ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടര്‍മാര്‍, നേഴ്‌സ്, പേഷ്യന്റ് കെയര്‍ ഫെസിലിറ്റേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍കുന്ന രീതിയാണ് ക്യാമ്പുകളില്‍ അവലംബിച്ചത്. ഉച്ചക്ക് മൂന്ന്മണി മുതല്‍ മുനക്കല്‍ സഫാ കമ്പനിക്ക് സമീപം നടത്തിയ ക്യാമ്പില്‍ നിരവധിയാളുകള്‍ സ്‌ക്രീനിങ്ങില്‍ പങ്കെടുത്തു. സൗജന്യ ലാബ് ടെസ്റ്റുകളും മരുന്ന് വിതരണവും നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഈദ സുലൈമാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ കെ എ സദറുദീന്‍, ഇ.എ മുഹമ്മദ് റഷീദ്, കെ.എം വീരാന്‍കുട്ടി, ഇ.എസ് അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു