വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റീൻ ചെയ്ത ഗുരുവായൂരിലെ ഹോട്ടൽ അണുവിമുക്തമാക്കി

post

തൃശൂര്‍: വിദേശത്തു നിന്ന് എത്തിയവരെ പാർപ്പിച്ച ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ ഗുരുവായൂർ അഗ്‌നിരക്ഷാ സേന അണുവിമുക്തമാക്കി. അബുദാബി ഫ്‌ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. കൃത്യമായ നിരീക്ഷണത്തിൽ സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്.

ഡിഎംഒയുടെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ ഉള്ളവർക്ക് ഓരോരുത്തർക്കായി പ്രത്യേകം കൗൺസിലിംഗ് നൽകി വരുന്നു. ഇവരിൽ അബുദാബിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട ആളുമായി സമ്പർക്കം പുലർത്തിയ മൂന്ന്‌പേരെ സ്രവപരിശോധനയ്ക്കായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ജാഗ്രത മാത്രമാണ് ഇതെന്നും ആശങ്കകളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തുടർന്ന് ഗുരുവായൂർ അഗ്‌നിരക്ഷാ സേനയെത്തി ഹോട്ടലും പരിസരവും അണുനശീകരണം നടത്തി.