കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് സര്‍ക്കാരിന്റെ ആദരം

post

റവന്യൂ മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

കാസര്‍കോട്  :  കൊറോണ വൈറസ് വ്യാപനം സമൂഹത്തെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ തളരാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കോവിഡിനെ  തടയാന്‍ വന്‍മതില്‍ തീര്‍ത്ത മുന്നണിപ്പോരാളികളെ അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കേവലം വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കില്ലെന്നും നേടിയ നേട്ടങ്ങള്‍ കൈമുതലാക്കി ഇനിയും വളരെയേറെ മുന്നേറാനുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയും അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും കോവിഡ് നിര്‍വ്യാപനം എളുപ്പമാക്കിയെന്നും വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനവും ജനങ്ങളുടെ പിന്തുണയും ലഭിച്ചതോടെ ഫലപ്രദമായ പ്രതിരോധം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ നാട്ടിലേക്കെത്തിച്ചേരുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും നമുക്ക് സുരക്ഷിതരാക്കേണ്ടതുണ്ടെന്നും ഇതിനായി എല്ലാ വിഭാഗത്തിന്റെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

  എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം സംബന്ധിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുമാര്‍, മെഡിക്കല്‍ കോളേജില്‍ സേവനം നടത്തുന്ന ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

  മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. നിലവില്‍ ഒരു കോവിഡ് രോഗി മാത്രമാണ് ഇവിടെ ചികിത്സയില്‍ ഉള്ളത്.