സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ തുടങ്ങി

post

തൃശൂര്‍ : ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം. വെള്ളാങ്ങല്ലൂര്‍ കണ്ണപ്പത്ത് പുഷ്പാംഗദന്റെ അരയേക്കര്‍ തരിശ് ഭൂമിയില്‍ കൃഷിയാരംഭിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50 ഏക്കറോളം സ്ഥലത്ത് നെല്ല് , പച്ചക്കറി, വാഴ, കിഴങ്ങ്, പയറുവര്‍ഗങ്ങള്‍ എന്നിവ കൃഷിചെയ്യാനാണ് സംസ്ഥാന ജോയിന്റ് കൗണ്‍സിന്റേയും കേരള അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റേയും ലക്ഷ്യം. പരിശീലനങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധി പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ പരമാവധി സര്‍ക്കാര്‍ ജീവനക്കാരെയും പങ്കാളികളാക്കാനാണ് ജോയിന്റ് കൗണ്‍സില്‍ കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ഉടമസ്ഥരുടെ സമ്മതത്തോടെയും സഹകരണത്തോടെയുമാണ് കൃഷിയിറക്കുക. കൃഷി ചെയ്യാന്‍ തയ്യാറാകുന്ന ജീവനക്കാര്‍ക്ക് നിലമൊരുക്കി നല്‍കാനും മാര്‍ഗനിര്‍ദേശം നല്‍കാനും അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍മാരും അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്മാരും ഉള്‍പ്പെട്ട പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ അക്കര എന്നിവര്‍ പങ്കെടുത്തു.