കോവിഡ് പ്രതിരോധം: കൂടുതല്‍ കരുതലോടും ഐക്യത്തോടും ഇടപെടല്‍ തുടരണം -മുഖ്യമന്ത്രി

post

തിരുവനന്തപുരം  : രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു 100 നാള്‍ പിന്നിടുമ്പോള്‍ രോഗസൗഖ്യ നിരക്കില്‍ ലോകത്ത് തന്നെ മികച്ച നിലയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗത്തിന്റെ മൂന്നാംവ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. രോഗം ഉണ്ടായാല്‍ നേരിടാന്‍ നാം സജ്ജമാണ്. മാതൃകാപരമായ സഹായം പൊതുസമൂഹത്തില്‍നിന്ന് വര്‍ധിച്ചതോതില്‍ ഇനിയുമുണ്ടാകണം. ഇനിയുള്ള നാളുകള്‍ കൂടുതല്‍ കരുതലോടും ഐക്യത്തോടും ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിലാണ് കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയില്‍നിന്നുമുള്ള പ്രവാസി സഹോദരങ്ങളെ നാം നാട്ടിലേക്ക് സ്വീകരിക്കുന്നത്. അവരെ പരിചരിക്കുന്നതിന് എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോഴുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചിട്ടുണ്ട്.

കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന പോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ശാരീരിക അകലം പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ വീട്ടുകാരും ശ്രദ്ധിക്കണം.

അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ചില ദോഷഫലങ്ങള്‍ മുമ്പ് നമ്മള്‍ അനുഭവിച്ചിട്ടുണ്ട്. കുറേ നാളുകള്‍ക്കുശേഷം നാട്ടില്‍ വന്നവരാണ് എന്നു കരുതി സന്ദര്‍ശനം നടത്തുന്ന പതിവുരീതികളും പാടില്ല. ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരുംദിവസങ്ങളില്‍ സംരക്ഷിക്കുകയെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം.

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായി ദിവസങ്ങളെടുത്തുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് താമസവും സൗകര്യങ്ങളും ഒരുക്കിയത്.

യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം സ്വീകരിക്കുന്ന സുരക്ഷാ കരുതല്‍ പോലെ തന്നെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സര്‍ക്കാരിന്റെ കരുതലുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം സര്‍ക്കാരിനും ഉണ്ടാകണം. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതില്‍ പ്രത്യേക ശ്രദ്ധ കാണിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിയണം. എന്തു പരാതികളും പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.