മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു

post

കോഴിക്കോട്: പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള കേന്ദ്രാവിഷ്‌കൃതപദ്ധതിയായ മിഷന്‍ ഇന്ദ്രധനുസ്സിന് ജില്ലയില്‍ ഡിസംബര്‍ 2നു തുടക്കമാകുന്നു. കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പിന്റെ കവറേജ് 90 ശതമാനത്തിന് മുകളില്‍  കൈവരിക്കുക എന്നതാണ് മിഷന്‍ ഇന്ദ്രധനുസ്സിന്റെ  ലക്ഷ്യം. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഇത്  88 ശതമാനം മാത്രമാണ്. വയനാട്, കോഴിക്കോട്  ജില്ലകളാണ്  മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയ്ക്കായി ഈ വര്‍ഷം തെരഞ്ഞെടുത്തത്.  2019 ഡിസംബര്‍  മുതല്‍ 2020 മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്  പരിപാടി നടക്കുക. ഓരോ മാസങ്ങളിലെയും ആദ്യ തിങ്കളാഴ്ച മുതല്‍ ഏഴു പ്രവൃത്തി ദിനങ്ങളിലാണ് മിഷന്‍ ഇന്ദ്രധനുഷ് പരിപാടി നടപ്പിലാക്കുന്നത്.

രണ്ട് വയസ്സിനു താഴെ പ്രായമുള്ള പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ക്കും ഇതു വരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്കും  പ്രതിരോധ വാക്‌സിന്‍ നല്‍കി  മാരകമായ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതോടൊപ്പം ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ 4369 കുട്ടികളെയും 885 ഗര്‍ഭിണികളെയുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിനായി 334 പ്രത്യേകം ഇമ്മ്യൂണൈസേഷന്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതല അവലോകനയോഗങ്ങള്‍, വിവിധ വകുപ്പുകളുടെ ഏകോപനയോഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുണ്ട്. 

പ്രതിരോധ കുത്തിവെപ്പുകളോട് സഹകരിക്കാത്തവരെ കുത്തിവെപ്പ് എടുപ്പിക്കുന്നതിനായി അതത് ഗ്രാമപഞ്ചായത്തുകളുടെയും മതനേതാക്കളുടെയും, ഐ സി ഡി എസ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ്ഗ വകുപ്പ്, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പുകളുടെയും സഹകരണം അത്യാവശ്യമാണ്. 

പ്രതിരോധ കുത്തിവെപ്പ് പൂര്‍ണ്ണമായി ലഭിക്കാത്തതോ ഭാഗികമായി പ്രതിരോധ കുത്തിവെപ്പ് ലഭിച്ചതോ ആയ എല്ലാ കുഞ്ഞുകള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് നല്‍കും.