മഴക്കാല മുന്നൊരുക്കം തുടങ്ങി; ദുരന്ത സാഹചര്യം നേരിടാന്‍ നടപടി

post

തൃശൂര്‍ : കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വെളളപ്പൊക്കത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, വരുന്ന മഴക്കാല കെടുതികള്‍ നേരിടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം സത്വരനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.പൊതുസ്ഥലങ്ങളില്‍ അപകടകരമായ വിധത്തില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് ദേശീയപാത, പൊതുമരാമത്ത് വകുപ്പുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലുളള അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങളും ശിഖരങ്ങളും അവയുടെ ഉടമസ്ഥര്‍ നീക്കം ചെയ്യണം. സ്ഥലം പരിശോധിച്ച ശേഷം തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കും. സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നീക്കം ചെയ്യാത്തതുമൂലമുളള നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്വം അവയുടെ ഉടമകള്‍ക്കായിരിക്കും.

ജീര്‍ണ്ണാവസ്ഥയിലായ ഇലക്ട്രിക്ക് പോസ്റ്റുകള്‍ കെഎസ്ഇബി മാറ്റി സ്ഥാപിക്കും. പാതയോരങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന ട്രാന്‍സ്ഫോര്‍മറുകളും ഇലക്ട്രിക്ക് പോസ്റ്റുകളും പുന:സ്ഥാപിക്കും. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന തദ്ദേശസ്ഥാപനങ്ങളും ടൗണ്‍ പ്ലാനിംഗ് വകുപ്പും നടത്തും. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം നടപടി സ്വീകരിക്കും. റോഡുകളിലെ കുഴികള്‍ അടക്കും. തോടുകളിലെ നീരൊഴുക്കിനുളള തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പിനും കെഎല്‍ഡിസിക്കും നിര്‍ദ്ദേശം നല്‍കി. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്യും. ജില്ലയിലെ ഡാമുകള്‍, റഗുലേറ്ററുകള്‍ എന്നിവയുടെ ഷട്ടറുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് തദ്ദേശവാസികളെ മാറ്റിതാമസിപ്പിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ബോട്ട്, വഞ്ചി മുതലായവ മുന്‍കൂട്ടി സജ്ജീകരിക്കും.

ദുരിതാശ്വാസക്യാമ്പുകളായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇറിഗേഷന്‍ വൈദ്യുതി വകുപ്പുകള്‍ 36 മണിക്കൂര്‍ മുന്‍പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത പാറമടകള്‍ വേലികെട്ടി സുരക്ഷിതമാക്കും. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് നടപ്പില്‍ വരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. 7 താലൂക്കുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.