ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

post

കാസര്‍ഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ക്യാമ്പയിനുകളും ഡെങ്കി ഹര്‍ത്താലും ശുചീകരണ പ്രവര്‍ത്തനങ്ങളുമെല്ലാം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. 

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സര്‍വേയില്‍ കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ വ്യാപകമായി കാണ്ടെത്തി. ഈഡിസ്, അനോഫിലിസ്, ക്യുലെക്‌സ് വിഭാഗത്തില്‍പെടുന്ന ലാര്‍വകളെയും പ്യൂപ്പകളെയുമാണ് കണ്ടെത്തിയത്.നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മുന്നറിയിപ്പ്  നല്‍കി.  ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ വീടിനു പുറത്തുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നില്ല. കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ടയറുകള്‍, മീന്‍ മാര്‍ക്കറ്റുകളിലെ ബോക്‌സുകള്‍, നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലെ ചെറിയ ടാങ്കുകള്‍, ചേമ്പിന്‍ കൂട്ടങ്ങള്‍, മുണ്ട്യച്ചെടികള്‍ തുടങ്ങി നിരവധി ഉറവിടങ്ങള്‍ വ്യാപകമായി കണ്ടു വരുന്നുണ്ട്.

നിലവിലെ കൂടിയ വെക്ടര്‍ സൂചിക വരാന്‍ പോകുന്ന പകര്‍ച്ചവ്യാധി  വിപത്തിന്റെ സൂചന നല്‍കുന്നു. ഇതേ തുടര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും മുന്‍ കൈഎടുക്കണമെന്ന് അഡിഷണല്‍ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ആമിന ടി. പി. നിര്‍ദ്ദേശിച്ചു. ആരോഗ്യ ജാഗ്രതാ സമിതികള്‍ ജനകീയ  കൂട്ടായ്മയിലൂടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തണമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ ഭരണ സമിതികള്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.