സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

post

തിരുവനന്തപുരം :  ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്‌സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി ഇവരോടൊപ്പം ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും.

കോവിഡ്-19 സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവ് നമ്മുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രയാസത്തിലാക്കും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി. വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതിന്റെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാന്‍ കഴിയണം. നാടിന്റെ വിഭവ ശേഷി പൂര്‍ണായി ഉപയോഗിക്കാന്‍ കഴിയണം. ഇപ്പോള്‍ നേരിടുന്നതിലും വലിയ പ്രതിസന്ധി നാം മുന്നില്‍ കാണണം. അതുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളില്‍ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തില്‍ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം. പുരയിടങ്ങളിലും നല്ല രീതിയില്‍ കൃഷിചെയ്യാന്‍ കഴിയും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താന്‍ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടില്‍ ഒരു സംസ്‌കാരമായി വളര്‍ന്നിട്ടുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോള്‍ ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളര്‍ത്താന്‍ കഴിയും. ചെറിയ കുളങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ മത്സ്യസമ്പത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും.

ഉല്‍പാദനം വര്‍ധിപ്പിക്കുമ്പോള്‍ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്റെ ശൃംഖല സൃഷ്ടിക്കും. വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പ്രധാനമാണ്. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും കൃഷിവകുപ്പ് നല്‍കും. അതനുസരിച്ചാണ് നീങ്ങേണ്ടത്. ഇക്കാര്യത്തില്‍ നാമെല്ലാം ഒന്നിച്ചിറങ്ങിയാല്‍ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രധാന ചുമതല കാര്‍ഷിക വായ്പ നല്‍കലാണ്. എല്ലാ കൃഷിക്കും വായ്പ നല്‍കണം. ചില പഞ്ചായത്തില്‍ ഒന്നിലേറെ ബാങ്കുകള്‍ കാണും. അങ്ങനെയാണെങ്കില്‍ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാക്കുകയും മറ്റ് ബാങ്കുകള്‍ അതിനോട് സഹകരിക്കുകയും വേണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല എന്നതിനാല്‍ ഓരോ പ്രദേശത്തും കൃഷി ഓഫീസര്‍മാരുമായി നല്ല ബന്ധം ഉണ്ടാകണം. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീല്‍ വസ്തുക്കള്‍, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങള്‍, ആട്ടിന്‍കുട്ടികള്‍, കന്നുകുട്ടികള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം. കാര്‍ഷിക സര്‍വകലാശാലയുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം.

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍  വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും ഇതില്‍ പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പുമായി നല്ല രീതിയില്‍ യോജിച്ച് നീങ്ങണം.

25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ നെല്ല് 5000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, കിഴങ്ങ് 5000 ഹെക്ടര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയില്‍ പച്ചക്കറിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ആകാം.

മൃഗസംരക്ഷണ മേഖല

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകള്‍ സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നല്‍കും. 5000 ശുചിത്വമുള്ള കന്നുകാലി ഷെഡുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. പുല്‍കൃഷിയുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

വാണിജ്യ ക്ഷീരകര്‍ഷകര്‍ക്കുള്ള യന്ത്രവല്‍ക്കരണ പദ്ധതി - 2 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെ ഇരുനൂറു യൂണിറ്റുകള്‍ സ്ഥാപിക്കും.

ക്ഷീരവികസനം

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകള്‍. അതുവഴി 11,000 മൃഗങ്ങളെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ കൊണ്ടുവരും. ചീസ്, തൈര് തുടങ്ങി പാലില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. കറവ യന്ത്രങ്ങള്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും.

മത്സ്യബന്ധനം

മൂവായിരം ഹെക്ടര്‍ ഉപ്പുവെള്ള കുളങ്ങളില്‍ പേള്‍ സ്‌പോട്ട് ഫാമിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഉപ്പുവെള്ളത്തില്‍ കൂട്ടില്‍ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപിക്കും. ഇതുവഴി മത്സ്യഉല്പാദനം 5000 ടണ്‍ വര്‍ധിക്കും. 12,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവില്‍ പടുതാ കുളത്തില്‍ 5000 മത്സ്യകൃഷി യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് ഓരോ മൊബൈല്‍ അക്വാ ലാബ് സ്ഥാപിക്കും.

സുഭിക്ഷ കേരളം പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കോവിഡ്-19 പ്രതിരോധത്തിന് ആരോഗ്യമേഖലയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി പ്രസംശിച്ചു. രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാനാകില്ല. രോഗം ബാധിച്ചാല്‍ കൂടുതല്‍ അപകടസാധ്യതയുള്ള പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും പ്രത്യേകം സംരക്ഷിക്കണം.  ഈ വിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കുന്നതിന് കൂടുതള്‍ ശ്രദ്ധ വേണം. ഇന്നത്തെ വെല്ലുവിളി നേരിടാന്‍ അതിവിപുലമായ ആരോഗ്യസംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരെയും സ്റ്റാഫിനെയുമാകെ പൊതു ആരോഗ്യമേഖലയുമായി കണ്ണിചേര്‍ക്കുന്നത്. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെയും മറ്റു സംസ്ഥാനത്തുനിന്നുവരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു.