പി.ഡബ്ല്യൂ.ഡി വിശ്രമ കേന്ദ്രം: 42 മാസം കൊണ്ട് 15.40 കോടി രൂപ വരുമാനം

post

പത്തനംതിട്ട: സംസ്ഥാനത്ത് കഴിഞ്ഞ 42 മാസം കൊണ്ട് 15.40 കോടി രൂപ വരുമാനം പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചുവെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിശ്രമ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വാടകയില്‍ നിന്ന്  സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയിലെ പി.ഡബ്ല്യൂ.ഡി വിശ്രമ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇനിയുള്ള 18 മാസം കൊണ്ട് മൂന്നു കോടി രൂപയിലേറെ വരുമാനം പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.  1071 മുറികളും അഞ്ചു കോണ്‍ഫറന്‍സ് ഹാളുകളും ചേര്‍ത്ത് വാടകയായി 300 ശതമാനം വരുമാനമാണ് ലാഭമായി ലഭിച്ചത്. സ്വകാര്യ ഹോട്ടലുകളുടെ വാടകയേക്കാള്‍ വളരെ ലാഭമായാണ് വിശ്രമ കേന്ദ്രങ്ങളിലെ വാടക നിരക്ക് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീ സൗഹൃദ മുറികള്‍ വിശ്രമ കേന്ദ്രത്തിനായി പണിയും. ആറന്മുള വള്ളസദ്യയ്ക്കും ഉതൃട്ടാതി വള്ളംകളിക്കുമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രം ഏറെ ഗുണപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

വിശ്രമ കേന്ദ്രങ്ങളില്‍ താമസിക്കുന്നതിനായി എത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്യണം. സുരക്ഷിതത്വവും എല്ലാവിധ സൗകര്യങ്ങളും ഈ വിശ്രമ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളുടെ അതേ നിയമങ്ങള്‍ വിശ്രമ കേന്ദ്രത്തിലും നടപ്പാക്കണം. സെക്യൂരിറ്റിക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിശ്രമ കേന്ദ്രങ്ങളുടേയും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസിദ്ധീകരണം ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കുന്നതിലൂടെ വികസനം ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.