കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കുടയത്തൂര്‍ പഞ്ചായത്ത്

post

ഇടുക്കി : കുടയത്തൂര്‍ പഞ്ചായത്തില്‍ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  പൊതുജനങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.  13 വാര്‍ഡുകള്‍ ഉള്ളതില്‍  10 ല്‍  മാസ്‌ക് വിതരണം പൂര്‍ത്തിയായി.  3 വാര്‍ഡുകളില്‍ വരുംദിവസങ്ങളില്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയന്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള ഗുണമേന്മയോടു കൂടിയ പതിനായിരത്തോളം  മാസ്‌കുകളാണ് വിതരണത്തിനായി  തയ്യാറാക്കിയിട്ടുള്ളത്. വാര്‍ഡ് മെമ്പര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വീടുകളില്‍ നേരിട്ടെത്തിച്ചാണ് നല്‍കുന്നത്..

 പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിന്റെ  നേതൃത്വത്തില്‍ കോവിഡ് ബോധവത്കരണവും  ഭവന സന്ദര്‍ശനം ഉള്‍പ്പെടെയുള്ള  പ്രവര്‍ത്തനങ്ങളും  നടന്നുവരുന്നുണ്ട്.  ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് പരിധിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിവരം ശേഖരിക്കുകയും ദിനംപ്രതി  നേരിട്ടും ഫോണ്‍ മുഖാന്തിരവും ഇവരെ ബന്ധപ്പെട്ടു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയും  ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നു.  ഹോം കോറന്റയ്നില്‍ കഴിയുന്ന വര്‍ക്കായി സിവില്‍ സപ്ലൈസില്‍ നിന്നും ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുള്ള  ഭക്ഷ്യ ധാന്യ കിറ്റുകളും ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റുകളും പഞ്ചായത്ത് ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍ തീര്‍ന്നത് മൂലം  ബുദ്ധിമുട്ടനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷ്യ ധാന്യവും പഞ്ചായത്ത്  വിതരണം ചെയ്തു. അതോടൊപ്പം കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നു.  കമ്മ്യൂണിറ്റി കിച്ചന്‍ വഴി പഞ്ചായത്തിലെ നിര്‍ദ്ധനര്‍, അഗതി ആശ്രയ മുതലായ  വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും എത്തിച്ചു നല്‍കുന്നുണ്ട്. യൂത്ത് കോര്‍ഡിനേറ്ററുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.. കൂടാതെ ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരിക്കുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍   കുടയത്തൂരിലുള്ള വെട്ടം റിസോര്‍ട്ടില്‍ കോവിഡ് കെയര്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. മഴക്കാലപൂര്‍വ  ശുചീകരണ പ്രവര്‍ത്തനങ്ങളും  ബോധവല്‍ക്കരണവും  പഞ്ചായത്തില്‍  നടന്നു  വരുന്നു.