തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളില്‍ പൂജ, വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം

post

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍, വഴിപാടുകള്‍ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അര്‍പ്പിക്കാനും സൗകര്യം ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഈ സൗകര്യങ്ങളുണ്ട്.  www.onlinetdb.com  എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമുള്ളത്.

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിലവില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാത്തതാണെങ്കിലും ക്ഷേത്രങ്ങളില്‍ ആചാര പ്രകാരമുള്ള പൂജ ചടങ്ങുകള്‍ തടസ്സം കൂടാതെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജക ള്‍, വഴിപാടുകള്‍ എന്നിവ ഭക്തര്‍ക്ക് ബുക്ക് ചെയ്ത് നടത്തിക്കാനുള്ള സൗകര്യം ബോര്‍ഡ് ഏര്‍പ്പെടുത്തിയത്.

ശബരിമല കൂടാതെ മേജര്‍ ക്ഷേത്രങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജര്‍ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി ഭക്തര്‍ക്ക് വഴിപാടുകള്‍ ബുക്ക് ചെയ്യാം. ശബരിമലയിലേക്കുള്ള അന്നദാന സംഭാവനകള്‍ക്ക് ഭക്തര്‍ക്ക് ആദായ നികുതി ഇളവും ലഭ്യമാകും.