നല്ല റോഡ് ഇല്ലാതാകാന്‍ കാരണം അശാസ്ത്രീയമായ പ്രവര്‍ത്തനം

post

പത്തനംതിട്ട: നാടിന്റെ വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള അശാസ്ത്രീയമായ ചില പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ നല്ല റോഡുകള്‍ ഇല്ലാതാകാന്‍ കാരണമെന്നും  ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആനയടി കൂടല്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം പഴകുളം മംഗല്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടൂര്‍, കുന്നത്തൂര്‍, മാവേലിക്കര, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആനയടി-പഴകുളം-കുരമ്പാല-കിരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിന്റെ നിര്‍മാണം നാടിന്റെ വലിയ വികസന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. 109 കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ നിലവാരത്തിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ ഒരു കിലോമീറ്ററിന് മൂന്നു കോടി രൂപയാണ് ചെലവ്.

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ ആദ്യമായി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുള്‍ ഡെപ്ത് റീകാല്‍മേഷന്‍ നടപ്പാക്കി അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ ഈ റോഡ് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചിരുന്നു. ആനയടിയില്‍ നിന്ന് ആരംഭിക്കുന്ന ഈ റോഡ് പഴകുളം ജംഗ്ഷനില്‍ കായംകുളംപത്തനാപുരം റോഡ് ക്രോസ് ചെയ്ത് കുരമ്പാലയില്‍ എം.സി റോഡില്‍ എത്തി ഏഴംകുളം കൈപ്പട്ടൂര്‍ റോഡിലെ ചന്ദനപ്പള്ളി വഴി പുനലൂര്‍മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയില്‍ കൂടി കൂടല്‍ എത്തിച്ചേരും. കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശബരിമല തീര്‍ഥാടകര്‍ക്കും ഗവി, അടവി, ആനക്കൊട്ടില്‍ എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകള്‍ക്കും ഈ റോഡ് വികസനം സൗകര്യപ്രദമാകും.