ജില്ലയില്‍ പ്രവാസികളെ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങി

post

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമായി. പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്. 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6,471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജില്ലയിലെ വിവിധ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവില്‍ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതല്‍പേര്‍ വന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകള്‍ ഉപയോഗിക്കാനാകും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങളടക്കമുണ്ടാകും. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇവിടെനിന്നും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും.