അന്ധനായ സുരേഷിന് വീടിന് വഴി വേണം ;വീടും സ്ഥലവും സന്ദര്‍ശിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് തേടി

post

തൃശൂര്‍: കാലങ്ങളായി താമസിക്കുന്ന വീടിന് വഴിയില്ലാത്തതിന്റെ ദുരിതമനുഭവിച്ച് ചേര്‍പ്പ് പഞ്ചായത്തിലെ വെളിയത്ത് സുരേഷ് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ എസ് ഷാനവാസിനു മുന്‍പില്‍ പരാതിയുമായി എത്തിയത്. എത്രയും പെട്ടെന്ന് ഒരു പ്രശ്‌ന പരിഹാരം വേണം എന്നായിരുന്നു സുരേഷിന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന. കഴിഞ്ഞ രണ്ടു പ്രളയത്തിലും മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ അന്ധനായ സുരേഷിനും കുടുംബത്തിനും ഒന്നു പുറത്തിറങ്ങണമെങ്കില്‍ പോലും അരകിലോമീറ്റര്‍ ദൂരം വെള്ളക്കെട്ടിലൂടെയും പാടത്തുകൂടിയും നടന്നു പോകണം എന്ന സ്ഥിതി നിലനില്‍ക്കെ ജില്ലാകളക്ടര്‍ കഴിഞ്ഞദിവസം (നവംബര്‍ 28) തന്നെ സുരേഷിന്റെ വീട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

ഊരകം വില്ലേജ് ഓഫീസര്‍ വി ജി പ്രസാദ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ യു. ജെ. ക്രിസ്പിന്‍ എന്നിവര്‍ക്കൊപ്പമാണ് കളക്ടര്‍ സുരേഷിന്റെ വീട് സന്ദര്‍ശിച്ചത്. തുടര്‍ന്ന് വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഉടന്‍ തന്നെ സ്ഥലത്തിന്റെ സ്‌കെച്ച് സമര്‍പ്പിക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. സുരേഷിന്റെ വീടിനു മുന്നിലൂടെ ആറാട്ടുപുഴ ബണ്ടില്‍ നിന്നുള്ള ചെറിയ കനാല്‍ ഒഴുകുന്നുണ്ട്. ഇതിനു മുന്നിലൂടെയുള്ള പാടത്തുകൂടി വഴി രൂപപ്പെടുത്താനുള്ള സാധ്യതയും കളക്ടര്‍ വില്ലേജ് ഓഫീസറോട് ചോദിച്ചറിഞ്ഞു. സുരേഷിന്റെ വീടിനു പിറകുവശത്ത് പകുതി ദൂരത്ത് അവസാനിക്കുന്ന മൂന്ന് മീറ്റര്‍ വലിപ്പത്തിലുള്ള വഴി സുരേഷിന്റെ വീട്ടിലേക്ക് നീട്ടാനുള്ള സാധ്യതയാണ് കളക്ടര്‍ പരിശോധിച്ചത്. റോഡ് സുരേഷിന്റെ വീട്ടിലേക്ക് നീട്ടാനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കുമുള്ള സാധ്യതയും കളക്ടര്‍ വില്ലേജ് ഓഫീസറോട് ആരാഞ്ഞു.

ഇതുപ്രകാരം വില്ലേജില്‍ നിന്ന് സ്‌കെച്ച്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് കനാലിന്റെ സ്‌കെച്ച് എന്നിവ ആവശ്യപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും കളക്ടര്‍ സുരേഷിനെ അറിയിച്ചു. അവിവാഹിതനായ സുരേഷ് അനിയനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്.