സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തിരക്കിലാണ്

post

ഇടുക്കി : മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടി അടിമാലിയിലെ രണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവര്‍ മുഖാവരണം ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇനിയും നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാകാത്തവര്‍ ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍ അടിമാലിയില്‍ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവരെ കൈയ്യോടെ പിടികൂടി മാസ്‌ക്ക് ധരിപ്പിക്കുകയാണ് മിന്നു ഷാജുവും അദിരൂപയും. 9 താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ്. അവരവരുടെ വീടുകളില്‍ നിര്‍മ്മിക്കുന്ന മാസ്‌കുകളാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്.

ആളുകള്‍ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തങ്ങള്‍ ഇത്തരമൊരു കാര്യവുമായി രംഗത്തെത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അയല്‍ക്കാരായ ഇരുവരും നാടിനുവേണ്ടി ലോക്ക് ഡൗണ്‍കാലത്ത് തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍കാലത്തുതന്നെ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ച് കടകളില്‍ വില്‍പന നടത്താനും ഈ കൂട്ടുകാര്‍ ആലോചിക്കുന്നുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്‌കൂള്‍ തുറക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് പുസ്തകങ്ങളും ബുക്കുകളും വാങ്ങാന്‍ നല്‍കണമെന്നുമാണ് ഇരുവരുടെയും ആഗ്രഹം.ലോക്ക്ഡൗണ്‍ കാലത്ത് നാടിനു മാതൃകയായ കുട്ടികള്‍ക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ അടിമാലിയില്‍ എത്തുന്നുണ്ട്. ടൗണിലേക്കെത്തുന്ന ഇടവഴികള്‍ കേന്ദ്രീകരിച്ചാണ്  വിദ്യാര്‍ത്ഥിനികള്‍ മുഖാവരണമില്ലാതെത്തുന്നവരെ കാത്തു നില്‍ക്കുന്നത്.മാസ്‌ക്ക് ധരിപ്പിക്കുന്നതിനൊപ്പം മാസ്‌ക്ക് ധരിക്കേണ്ടതിന്റെയും ജാഗ്രതപുലര്‍ത്തേണ്ടതിന്റെയും ആവശ്യകത കൂടി വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.വിദ്യാര്‍ത്ഥികളുടെ കോവിഡ് കാലത്തെ സേവനത്തിന്  പിന്തുണയുമായി അടിമാലി പോലീസും രംഗത്തുണ്ട്.