ജില്ലാ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും

post

പത്തനംതിട്ട : ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച്  കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 
ജില്ലയില്‍ ഡയാലിസിസിന് വിധേയരായവര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കും. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള അര്‍ബുദ രോഗികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിന്നുതന്നെ ചികിത്സയും മരുന്നും ലഭ്യമാക്കും. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിര്‍ധനരായവര്‍ക്കും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും ചികിത്സയും മരുന്നും ലഭ്യമാക്കും. അവയവം മാറ്റിവച്ചവര്‍ക്കായുള്ള ചികിത്സാ സഹായം ഗ്രാമപഞ്ചായത്തുകള്‍ ആരോഗ്യ സ്ഥാപനങ്ങള്‍ മുഖേന നല്‍കും. ഇതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിക്കും.
നിര്‍ധനരായ ഇതര രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കും. അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് ഈ മാസം 11ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കണം.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 12 ന് അടിയന്തരയോഗം ചേര്‍ന്ന് ഇതിനാവശ്യമായ ഫണ്ട് അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, ഡി.ഡി.പി:എസ്.സൈമ തുടങ്ങിയവര്‍ പങ്കെടുത്തു.