ലോക്ഡൗണ്‍: ജില്ലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടറുടെ ഉത്തരവ്

post

ചരക്കുവാഹനങ്ങള്‍ക്ക് പാസ് വേണ്ട

കോഴിക്കോട് : മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു.

- ജില്ലയില്‍  പൊതു ഗതാഗത സംവിധാനങ്ങളും മദ്യഷോപ്പുകളും നിരോധിച്ചിരിക്കുന്നു.

- ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ/ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ഇത്തരം യാത്രകള്‍ അടിയന്തിര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല.

- രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള സ്വകാര്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ജില്ലാ കലക്ടര്‍ നല്‍കുന്ന പാസ്സിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കുന്നതാണ്. ജില്ലയ്ക്കകത്ത് യാത്ര ചെയ്യാന്‍  Self Decleration ആവശ്യമാണ്. അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ പാസുകള്‍ നിര്‍ബന്ധമാണ്. 

- ചരക്ക് വാഹനങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള പാസും ആവശ്യമില്ല. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ സ്‌ക്വാഡുകള്‍ ഇത്തരം വാഹനങ്ങളിലെ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കേണ്ടതാണ് .

- എല്ലാസര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും തുറന്നുപ്രവര്‍ത്തിക്കേണ്ടതാണ്. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധി 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണ്. ഗ്രൂപ്പ് സി., ഡി വിഭാഗം ജീവനക്കാരില്‍ പരമാവധി 33% ജീവനക്കാര്‍ ഹാജരാകേണ്ടതാണ്. ശേഷിക്കുന്നജീവനക്കാര്‍ക്ക് WORK FROM HOME നയം സ്വീകരിക്കാവുന്നതാണ് .അടിയന്തിര ജോലികളോ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതിയാവും. അതത് ഓഫീസ് തലവന്‍മാര്‍ ജീവനക്കാരുടെ ഡ്യൂട്ടി ചാര്‍ട്ട് തയ്യാറാക്കേണ്ടതാണ് .

- 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യാന്‍ പാടുള്ളതല്ല. 

- ജനങ്ങള്‍ മാസ്‌ക്കുകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ പാടുള്ളു.

- സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠന മാര്‍ഗ്ഗങ്ങള്‍ അനുവദനീയമാണ്. 

- സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, തുണിക്കടകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ വെച്ചുള്ള പരിപാടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്നു. 

- എസ്.എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

- കച്ചവട കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. സ്‌ക്വാഡുകളുടെ പരിശേധനയില്‍ ഇവ ലംഘിക്കപ്പെടുന്നതായി കാണുന്ന പക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

- ഹോട്ടലുകളുടെയും റെസ്റ്റോറണ്ടുകളുടെയും പ്രവര്‍ത്തനം പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

- ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ബാര്‍ബര്‍ ജോലി വീടുകളില്‍ ചെന്ന്  ചെയ്യാവുന്നതാണ്.

- വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു

- പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ആയത് ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കുന്നതാണ്. 

- ആശുപത്രികളില്‍ ബൈ സ്റ്റാന്റര്‍മാരായി ഒന്നിലധികം പേര്‍ എത്തുന്നത് നിരോധിച്ചിരിക്കുന്നു.

- എല്ലാതരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രാര്‍ത്ഥനകള്‍/കൂട്ടപ്രാര്‍ത്ഥനകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു.

- എല്ലാ ടൂറിസം കേന്ദ്രങ്ങളിലേ്ക്കും, പാര്‍ക്കുകളിലേ്ക്കും ബീച്ചുകളിലേ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

- 'Break the Chain'ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പു്/ സാനിട്ടൈസര്‍ പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

- ഓറഞ്ചു സോണില്‍ അനുവര്‍ത്തിക്കേണ്ട എല്ലാ നിയന്ത്രണങ്ങളും ജില്ലയ്ക്ക് ബാധകമായിരിക്കുന്നതാണ്. 

- ജില്ലയില്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച കോടഞ്ചേരി, അഴിയൂര്‍  പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള  സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 

- മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രേട്ടോകോള്‍ അനുസരിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. 

- ഇനിയൊരുത്തരവുണ്ടവുന്നതുവരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും