ആശാ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡുമായി ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷന്‍

post

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടില്‍ കര്‍മ്മ നിരതരായ ആശാ പ്രവര്‍ത്തകര്‍ക്ക് രോഗ പ്രതിരോധം തീര്‍ക്കുന്നതിനായി ഫെയ്‌സ് ഷീല്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ നൂതനമായ ഒരു പ്രതിരോധ മാര്‍ഗ്ഗം നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലെ ആശാ പ്രവര്‍ത്തകര്‍ക്കാണ് ഫെയ്‌സ് ഷീല്‍ഡുകള്‍ നല്‍കിയത്. ഫെയ്‌സ് ഷീല്‍ഡുകളുടെ വിതരണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് നിര്‍വഹിച്ചു. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ജി. പൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫെയ്‌സ് ഷീല്‍ഡ് രൂപകല്‍പ്പന ചെയ്തത്.

മാജിക്ക് എന്ന എന്‍ജിഒയുടെ കീഴിലുള്ള ഫ്‌ളഡ് വോളണ്ടിയര്‍ ഫാമിലിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. റ്റി. മാത്യു, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ്, പഞ്ചായത്തംഗം ബിപില്‍രാജ്, ബോണി, ജോണ്‍ ജോസഫ്, ശ്യാംകുറുപ്പ് എന്നിവര്‍ പങ്കെടുത്തു.