രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

post

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി രാജക്കാട് പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ നിര്‍വഹിച്ചു.  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ ആദ്യ ഭക്ഷണപൊതി വിതരണം നടത്തി.   ജനകീയ ഹോട്ടല്‍ മുഖേന 20 രൂപക്ക് ഊണ് ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത. പൊതിച്ചോറിന് 25 രൂപയാണ് വില.  നിര്‍ധനര്‍ക്ക് സൗജന്യമായും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും.  നിലവില്‍ സമ്പര്‍ക്കവിലക്കിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ പൊതിയാണ് വിതരണം ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കുന്ന മുറക്ക് ഹോട്ടലിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെ ആയിരിക്കും.  രാജക്കാട് പഞ്ചമി  കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. രാജക്കാട് യൂണിയന്‍ ബാങ്കിന് സമീപത്താണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത്  നടത്തിയിരുന്ന സമൂഹ അടുക്കളയുടെ   പ്രവര്‍ത്തനം അവസാനിപ്പിച്ചാണ്  ജനകീയ ഹോട്ടല്‍ ആരംഭിച്ചത്.  

വൈസ് പ്രസിഡന്റ് കെ.പി അനില്‍, ത്രിതലപഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്,  ബെന്നി പാലക്കാട്ട്, പ്രിന്‍സ് മാത്യു, ഇന്ദിര സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത് കുമാര്‍  സിഡിഎസ് ചെയര്‍പേഴ്സണ്‍ സുധ രാജന്‍, കുടുംബശ്രീ ജിവനക്കാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍  പങ്കെടുത്തു.