പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃതമാക്കാന്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കും

post

തിരുവനന്തപുരം:  സര്‍ക്കാര്‍ പൊതുവില്‍ തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മോണിറ്ററിങ് സമിതിയും ഉണ്ടാകും. റസിഡന്‍സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രതിനിധി, അല്ലെങ്കില്‍ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍, എസ്‌ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവര്‍ സമിതിയിലുണ്ടാകും.

ഈ സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കണം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവന്ന് ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ സമിതിയുടെ ഒരു പ്രതിനിധി എല്ലാ ദിവസവും സന്ദര്‍ശിക്കും.

ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംവിധാനം ഉണ്ടാക്കും. ഡിഎംഒ ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു പാരാമെഡിക്കല്‍ സ്റ്റാഫിനും കോവിഡ് പ്രതിരോധത്തില്‍ പരിശീലനം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഇത് നടപ്പാക്കും.

ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇത്തരം വീടുകളില്‍ ലഭ്യമാക്കും. ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ രോഗിയുടെ വീട്ടിലേക്ക് പോകാന്‍ പിഎച്ച്‌സികള്‍ വാഹന സൗകര്യം ഒരുക്കും. ഓരോ പഞ്ചായത്തിലും ഒരു മൊബൈല്‍ ക്ലിനിക്ക് വേണ്ടിവരും. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഇതില്‍ ഉണ്ടാകും.

പ്രായമായവരുടെയും കിഡ്‌നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരും. അതിനായി വീട്ടുകാരെ ബോധവല്‍ക്കരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ആ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളും വരാന്‍ തയാറാകുന്നുണ്ട്. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍ (പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍), കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും. ആരോഗ്യപ്രശ്‌നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്റയിനില്‍ കഴിയണം. ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃതമായി നടത്താനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കും. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്‌സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.

ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും. സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിന്‍ പുറപ്പെടാന്‍ പറ്റൂ എന്ന സ്ഥിതിയുണ്ട്. ചില സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കിട്ടാന്‍ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.