അതിഥിതൊഴിലാളികള്‍ക്ക് ആശംസകളുമായി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ജാര്‍ഖണ്ഡിലേക്ക് യാത്ര തിരിച്ച അതിഥി തൊഴിലാളികളെ ആശംസകളോടെ യാത്ര അയച്ച് സംസ്ഥാന സഹകരണം ടൂറിസം ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് യാത്രക്കാര്‍ക്ക് ആശംസയേകിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് റെയില്‍വേ ടിക്കറ്റും ഭക്ഷ്യക്കിറ്റും മന്ത്രി നേരിട്ട് കൈമാറി. യാത്രക്കാരില്‍ ചിലരോട് കുശലാന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അദ്ധ്വാനിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ അതിഥിതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എന്നാല്‍ നാട്ടിലുള്ള കുടുംബാംങ്ങങ്ങളെ നേരിട്ട് കാണണം എന്നുള്ളതുകൊണ്ട് അവര്‍ തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നു. ഇതുമൂലം ലോക്ക് ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ അവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും റയില്‍വേയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും കൂടിയാലോചനകളുടെ ഫലമായിട്ടാണ് ഇപ്പോള്‍ അവരെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.  

കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞതും അത് ഫലവത്തായി നടപ്പിലാക്കാന്‍ കഴിഞ്ഞതുംകൊണ്ടാണ് അവരെ ജന്മനാട്ടിലേക്ക് യാത്രയാക്കാന്‍  കഴിഞ്ഞതെന്നും അവര്‍ക്ക് വേണ്ടിയുള്ള എല്ലാവിധ സൗകര്യങ്ങളും ജില്ലാ ഭരണകൂടവും പോലീസും റെയില്‍വേയും മറ്റുള്ളവരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കൗണ്ടറുകളില്‍ മന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ ആരായുകയും വേണ്ടുന്ന നിര്‍ദ്ദേശം നല്‍കുകയും  ചെയ്തു. കോച്ചുകളില്‍ ഇരുന്നവരോട് സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും കൊറോണ കഴിഞ്ഞ്  അവര്‍ക്ക് തിരുവനന്തപുരത്തേക്ക്  തിരിച്ചു വരാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.