അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക്

post

തിരുവനന്തപുരം: ജില്ലയില്‍ നിന്നുള്ള അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ഇന്ന്‌ ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം പ്രത്യേക ട്രെയിനിൽ യാത്രയായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര അയപ്പ്. 

1,124 പേരാണ് യാത്രയായത്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അതിഥി തൊഴിലാളികളുടെയിടയിൽ അന്വേഷണം നടത്തുകയും അവരിൽ ജാർഖണ്ഡിൽ പോകേണ്ടവരെ  കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 15 ഓളം  ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ ലേബർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇവരുടെ രേഖകൾ പരിശോധിച്ചു യാത്രക്ക് അർഹരായവരെ കണ്ടെത്തി. ഇവരെ തെർമൽ സ്കാനിങ്ങിനു വിധേയരാക്കി ആരോഗ്യസ്ഥിതിയും വിലയിരുത്തി. ടിക്കറ്റിന്റെ തുക റെവന്യൂ ഉദ്യോഗസ്ഥർ ഇവരിൽ നിന്നും ശേഖരിച്ചു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് മുൻപായി  കെ.എസ്.ആർ.ടി.സി. ബസുകളിൽ  തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. 

സ്റ്റേഷനിൽ ഇവരെ പരിശോധിക്കുന്നതിനായി 17 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ടോക്കൺ നമ്പർ ലഭിക്കുന്നവർ ബന്ധപ്പെട്ട കൗണ്ടറുകളിൽ എത്തുമ്പോൾ തെർമൽ സ്കാൻ ചെയ്ത് പനിയില്ലെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചറിയൽ കാർഡും പരിശോധിച്ചു. ഇവർ യാത്രയ്ക്ക് അർഹർ ആണെന്ന സർട്ടിഫിക്കറ്റും യാത്രാടിക്കറ്റും നൽകി. ശേഷം ഇവർക്ക് ഫേസ് മാസ്ക്ക്, സോപ്പ്, ഫുഡ് കിറ്റ് എന്നിവ നൽകി യാത്രാകോച്ചുകളിലേക്ക് അയച്ചു. കളക്ടറുടെ നേതൃത്വത്തിൽ സാമൂഹ്യ അകലം പാലിച്ച് തികച്ചും അച്ചടക്കത്തോടെയുള്ള പരിശോധനാരീതികളായിരുന്നു ഉദ്യോഗസ്ഥർ ഇതിനായി അവലംബിച്ചത്. 

മൂന്ന് മണിയോടെ പരിശോധനകളെല്ലാം പൂർത്തിയാക്കി യാത്രക്കാർ എല്ലാവരും ട്രെയിനിനുള്ളിൽ കയറി. ഉദ്യോഗസ്ഥരുടെ അവസാനവട്ട വിലയിരുത്തലുകൾക്ക് ശേഷം 3:30 ഓടെ അവർ തിരുവനന്തപുരത്തിനോട് തൽക്കാലം വിടപറഞ്ഞു ജന്മനാട്ടിലേക്ക് യാത്രയായി. റെവന്യൂ, ആരോഗ്യം, ജില്ല ലേബർ ഓഫീസ്, പോലീസ്, റയിൽവേ, ദുരന്തനിവാരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വോളന്റിയർമാരും അതിഥി തൊഴിലാളികളെ യാത്രയാക്കാൻ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്തെ പലസ്ഥലത്തേക്കും അതിഥി തൊഴിലാളുകളുമായി ഇവിടെ നിന്നും ട്രെയിൻ പോകും.