കോവിഡ് കാലത്ത് കരുതലായി സിവില്‍ ഡിഫന്‍സ് ഫോഴ്‌സും

post

കാസര്‍ഗോഡ് : കോവിഡ്കാല പ്രവര്‍ത്തനങ്ങളില്‍ കരുതലായി ഫയര്‍ ആന്റ് റെസ്‌ക്യൂ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് ഫോഴ്‌സും. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവരും പങ്കാളികളാണ്. ജില്ലാ അതിര്‍ത്തിയിലെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം മുതല്‍ റേഷന്‍ വാങ്ങി നല്‍കുന്നത് വരെ നീളുന്നു ഇവരുടെ പ്രവര്‍ത്തനമേഖല.  സംസ്ഥാനത്ത് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ ജീവന്‍ രക്ഷ മരുന്നുകളുടെ ശേഖരണ - വിതരണ ശൃംഖലയിലെ മുഖ്യ കണ്ണികളാണിവര്‍. രോഗികളുടെ മരുന്ന് വിവരങ്ങള്‍ കൈമാറാനും ഫയര്‍ ഓഫീസികളില്‍ എത്തുന്ന മരുന്നുകള്‍ രോഗികളിലെത്തിക്കാനും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും സഹായിക്കുന്നു.  സ്റ്റേഷന്‍ പരിധിയിലെ എല്ലാ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തില്‍ ഇവരും പങ്കാളികളാണ്. സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനത്തിലും ഭക്ഷ്യ ധാന്യകിറ്റുകളുടെ പാക്കിംഗിനും വിതരണത്തിനും ഇവരുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍‌സ്റ്റേഷനു കീഴിലുള്ള സിവില്‍ ഡിഫന്‍സ് ഫോഴ്‌സാണ് അംഗങ്ങളാണ് രാവും പകലും പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സേവനം മാത്രമാണ്. ഡിസംബര്‍ മാസത്തില്‍ ട്രെയിങ് ആരംഭിച്ച  നൂറോളം സിവില്‍ ഡിഫന്‍സ്  അംഗങ്ങളാണ് ഇപ്പോള്‍ ജില്ലയില്‍ കര്‍മ്മ നിരതരായിരിക്കുന്നത്. കോവിഡ് കാലത്ത് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള  എല്ലാ പ്രവര്‍ത്തനങ്ങളും ശക്തമായി മുന്നോട് കൊണ്ടു പോകുന്നതില്‍ സിവില്‍ ഡിഫന്‍സിന്റെ പങ്ക് വലുതാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ബി രാജ് പറഞ്ഞു. 

വിശക്കുന്ന വയറിന് ഭക്ഷണമേകി

         കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരുവില്‍ അലഞ്ഞു തിരിയുന്ന അമ്പതോളം പേര്‍ക്കാണ് ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കുന്നു. ഇതില്‍ മുപ്പതോളം പേരെ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനു സമീപമുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിച്ചുണ്ട്. ക്യാമ്പിലേക്ക് വരാന്‍ കൂട്ടാക്കാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നു. പ്രാദേശിക സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. ഉച്ച ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണില്‍ ലഭ്യമാക്കും. എല്ലാ ദിവസവും ഭക്ഷണം ആവശ്യമുള്ളവരുടെ കൃത്യ എണ്ണം എടുത്താണ് ഭക്ഷണ വിതരണം. പൊതുഇടങ്ങള്‍, മുതല്‍ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രി തുടങ്ങിയവ അണുവിമുക്തമാക്കുന്നതിനും ഇവരുടെ സേവനമുണ്ട്. കുടിവെള്ളത്തിനു ക്ഷാമംഅനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിച്ചും ജനങ്ങളുടെ ആശങ്കകളെ അകറ്റുകയാണിവര്‍.

വാഹനങ്ങള്‍ അണുവിമുക്തമാക്കി

         തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് കാലിക്കടവിലെ ജില്ല അതിര്‍ത്തിയില്‍ തിരക്കിലാണ്. ജില്ലാ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ ഫോഴ്‌സിനൊപ്പം ദിവസവും മൂന്ന് ഷിഫിറ്റുകളിലായി എട്ട് പേര്‍ വീതം ഇവിടെയുണ്ട്. കൂടാതെ ആരോഗയപ്രവര്‍ത്തകര്‍ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍  രണ്ടു പേര്‍ വീതം പങ്കാളികളാകുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധ ബോധവവല്‍ക്കരണ പരിപാടിയുടെ ഭാദമായി 150 ലിറ്ററോളം സാനിറ്റൈസര്‍ തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയിലുള്ള പൊതുയിടങ്ങളില്‍ വിതരണം ചെയ്യുകയും ലഘു ബോധവല്‍കരണ ക്ലാസുകളും നല്‍കിയിരുന്നു.