കോവിഡ് സ്ഥിരീകരിച്ച ഇടങ്ങളില്‍ അതീവ ജാഗ്രത വേണം

post

കൊല്ലം : ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതതിടങ്ങളില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമൂഹവ്യാപനം നടന്നുവെന്ന പ്രചാരണങ്ങളും ആശങ്കയും വേണ്ട.നിലവില്‍ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ഓച്ചിറ ഉള്‍പ്പടെ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം. ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ കൃത്യമായ അകലം പാലിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും കലക്ട്രേറ്റില്‍ കൂടിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി ഡി എം ഒ യ്ക്ക് നിര്‍ദേശം നല്‍കി.

റേഷന്‍ കടകളിലും മറ്റും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.  പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മതിയായ എണ്ണം മാസ്‌ക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യണമെന്ന് കുടുംബശ്രീ, പഞ്ചായത്ത് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇവ വാര്‍ഡുതലത്തില്‍ നല്‍കാനും നടപടി വേണം.ജാഗ്രത കര്‍ശനമാക്കിയ സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഡോര്‍ ടു ഡോര്‍ ആപ്പ് ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കൂടാതെ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള വാട്സ് ആപ്പ് നമ്പരില്‍ സന്ദേശമയച്ചും സാധനങ്ങളും മരുന്നുകളും ലഭിക്കാന്‍ പൊതുജനങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാം. പെന്‍ഷനുകളും മറ്റും നല്‍കേണ്ടതിനാല്‍ ജാഗ്രത കര്‍ശനമാക്കിയ ഇടങ്ങളില്‍ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ പ്രവര്‍ത്തിപ്പിക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ല. സന്നദ്ധ സേവകര്‍ വഴി പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, ജില്ലാ പോലീസ് മേധാവി,  പുനലൂര്‍ ആര്‍ ഡി ഒ, എക്സൈസ്, ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിയും കലക്ടറും നിര്‍ദേശങ്ങള്‍ നല്‍കി.

എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ആര്‍ ഡി ഒ എം.എ.റഹിം, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍പിള്ള എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.