ആവശ്യക്കാര്‍ കൂടുന്നു; കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത്

post

കോഴിക്കോട് : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആയുര്‍വ്വേദ, ഹോമിയോ മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മരുന്ന് കൂടുതല്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ കൂടുതല്‍ വാങ്ങി ജനങ്ങള്‍ക്കെത്തിക്കാന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു. ഒന്നാംഘട്ടത്തില്‍ മരുന്നുകള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.


കൊവിഡ് കാലത്ത് ഒരു കോടിയിലധികം രൂപുയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയത്. 10 ലക്ഷം രൂപയുടെ ആയുര്‍വ്വേദ മരുന്നും, മൂന്നു ലക്ഷം രൂപയുടെ 3.5 ലക്ഷം ഹോമിയോ ഗുളികകളുമാണ് ജില്ലയാകെ വിതരണം ചെയ്തത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണ് ജില്ലയാകെ ഒന്നാം ഘട്ടം മരുന്ന് എത്തിച്ചത്. കരള്‍ മാറ്റി വെച്ചവര്‍ക്കും കിഡ്നി മാറ്റിവെച്ചവര്‍ക്കും 1,200 ഓളം ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസ് ചെയ്യുന്നതിനുമടക്കം മര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം 'സ്നേഹസ്പര്‍ശം' പദ്ധതിയില്‍ നിന്ന് 80 ലക്ഷം രൂപയും അനുവദിച്ചു. വടകര ജില്ലാ ആശുപത്രിയില്‍ രണ്ട് വെന്റിലേറ്റര്‍ അനുവദിക്കുന്നതിന് 25 ലക്ഷവും അനുവദിച്ചിരുന്നു.

സ്‌കൂളുകള്‍ തുറക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ആവശ്യമായ മാസ്‌കൂകള്‍ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു. 2020-21 വാര്‍ഷിക പദ്ധതികളും സ്പില്‍ ഓവര്‍ പദ്ധതികളും ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ആരംഭിക്കാനുള്ള നടപടികള്‍ക്കും യോഗം അഗീകാരം നല്‍കി. വൈസ് പ്രസിഡന്റ് റീനാ മുണ്ടേങ്ങാട്, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി.ജി.ജോര്‍ജ് മാസ്റ്റര്‍, പി.കെ. സജിത, മുക്കം മുഹമ്മദ്, സുജാത മനക്കല്‍ എന്നിവര്‍ പങ്കെടുത്തു.