ഡോക്സിഡേ ഇന്ന് (എപ്രില്‍ 30)

post

ആലപ്പുഴ : ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (എപ്രില്‍ 30) ഡോക്സിഡേ ആയി ആചരിക്കുന്നു. എലിപ്പനി പ്രതിരോധത്തിനായുളള ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കിണറുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, പുല്ലുചെത്തുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ദീര്‍ഘനാളായി ഉപയോഗിക്കാതെ കിടക്കുന്ന മുറികളും ഗോഡൗണുകളും വൃത്തിയാക്കുന്നവര്‍, കുളങ്ങളിലും തോട്ടിലും മറ്റും മീന്‍പിടിക്കുന്നവര്‍, ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരു ഡോസ് എന്ന നിലയില്‍ ആറാഴ്ച ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. എലിപ്പനിക്കുളള ചികിത്സയും പ്രതിരോധ ഗുളികയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.ഏതു പനിയും എലിപ്പനിയാകാം.അതിനാല്‍ പനി വന്നാലുടന്‍ ആശുപത്രിയില്‍ ചികിത്സ തേടുക.  തൊഴില്‍ സംബന്ധമായ കാര്യങ്ങളും കൈകാലുകളില്‍ മുറിവുളളവര്‍ ഉണ്ടെങ്കില്‍ ആ വിവരവും ഡോക്ടറോട് നിര്‍ബന്ധമായും പറയുക. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി മൂലമുളള മരണങ്ങള്‍ ഒഴിവാക്കാം.മലിനജലവുമായി സമ്പര്‍ക്കം വരുന്ന തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കുക.

* കൈകാലുകളില്‍ മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

* കുട്ടികളെ കുളത്തിലും തോട്ടിലും മീന്‍ പിടിക്കാന്‍ അനുവദിക്കാതിരിക്കുക.

*മലിനജലത്തില്‍ കുളിയ്ക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

*മലിനജലവുമായി സമ്പര്‍ക്കമുണ്ടായതിനു ശേഷം പനി, പനിയോടു കൂടിയോ അല്ലാതെയോ ശരീരംവേദന, തലവേദന, കണ്ണിന് ചുമപ്പ്, മൂത്രത്തിനു മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടുക. മലിനജലവുമായി സമ്പര്‍ക്കമുണ്ടായ വിവരം ഡോക്ടറോട് നിര്‍ബന്ധമായും പറയണം.

*വന്നാല്‍ സ്വയംചികിത്സ പാടില്ല.