പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു; അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്കും ധനസഹായം

post

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടങ്ങള്‍ക്കിരയായാല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട കമ്മറ്റി മുഖേന ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കാന്‍ തീരുമാനിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അപകടങ്ങളെത്തുടര്‍ന്ന് ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് കുറഞ്ഞത് 50,000 രൂപയും പൂര്‍ണമായും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി ലഭിക്കും. ഇതാദ്യമായാണ് അപകടങ്ങള്‍ക്കിരയാകുന്ന തൊഴിലാളികള്‍ക്ക് ധനസഹായം ഏര്‍പ്പെടുത്തുന്നത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതിനായി രൂപീകരിച്ച പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട്് കമ്മറ്റി മുഖേന നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന തൊഴിലാളിസംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിവാഹധനസഹായം(10,000 രൂപ) വിദ്യാഭ്യാസധനസഹായം, ചികിത്സസഹായം തുടങ്ങിയ ആനുകൂല്യങ്ങളാണ് റിലീഫ് ഫണ്ട്് കമ്മറ്റി വഴി വിതരണം ചെയ്തുവരുന്നത്. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലാണ് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.