ജനനം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനകം പേര് ചേര്‍ക്കണം; നിര്‍ജ്ജീവ ജനനങ്ങളും റിപ്പോര്‍ട്ട് ചെയ്യണം

post

കണ്ണൂര്‍: ജനനമരണങ്ങള്‍ക്കൊപ്പം നിര്‍ജ്ജീവ ജനനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം. ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ് നിര്‍ദേശം. ജനനമരണ നിര്‍ജ്ജീവ ജനനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണം. യഥാസമയം റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ജില്ലയില്‍ ജനന മരണങ്ങള്‍ നൂറുശതമാനവും രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.  

21 ദിവസത്തിനുശേഷം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജനനമരണ - നിര്‍ജ്ജീവ ജനനങ്ങള്‍ പിഴ ഈടാക്കി രജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷം വരെ വൈകുന്നവ ജില്ലാ രജിസ്ട്രാര്‍മാരുടെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍) അനുമതിയോടെയും ഒരു വര്‍ഷത്തിന് ശേഷമുള്ളവ  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ( ആര്‍ ഡി ഒ) അനുമതിയോടെ പിഴ അടച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം കുട്ടിയുടെ പേര് ചേര്‍ക്കണം. അതിന് ശേഷം നിശ്ചിത ഫീ ഒടുക്കി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷത്തിനകം പേര് ചേര്‍ക്കാവുന്നതാണ്. ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന് തദ്ദേശ രജിസ്്ട്രാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ജനന രജിസ്റ്ററിലെ ജനനതീയതിയും സ്‌കുള്‍ രേഖകളിലെ ജനനതീയതിയുമായി 10 മാസത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാല്‍ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെവേണം പേര് ചേര്‍ക്കാന്‍. 1970 ഏപ്രില്‍ ഒന്നിന് മുമ്പുള്ള ജനന രജിസ്‌ട്രേഷനുകളില്‍ ചീഫ് രജിസ്ട്രാറുടെ അനുമതിയോടു കൂടിയേ പേര് ചേര്‍ക്കാനാവൂ. ജനന, മരണ രജിസ്‌ട്രേഷനിലെ ഫോറങ്ങളില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത രേഖപ്പെടുത്തുന്നയാള്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഇന്ത്യന്‍ പൗരന്മാരുടെ വിദേശത്ത് വച്ചുള്ള മരണം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല. ഇന്ത്യക്ക് പുറത്തുള്ള ജനനം മാതാപിതാക്കളുടെ താമസ സ്ഥലത്തെ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അതേസമയം ദത്തെടുത്ത കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഏജന്‍സി സ്ഥിതി ചെയ്യുന്ന രജിസ്‌ട്രേഷന്‍ യൂണിറ്റിലോ, ദത്തെടുത്ത മാതാപിതാക്കളുടെ താമസസ്ഥലം ഉള്‍ക്കൊള്ളുന്ന രജിസ്‌ട്രേഷന്‍ യൂണിറ്റിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനനമരണ രജിസ്‌ട്രേഷനുകളില്‍ കുട്ടിയുടെ/മരണപ്പെട്ടയാളുടെ പേര്, മേല്‍വിലാസം തുടങ്ങിയ രേഖപ്പെടുത്തലുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി തിരുത്താവുന്നതാണ്.

ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. തളിപ്പറമ്പ് ആര്‍ ഡി ഒ ഇലാക്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍, തദ്ദേശ രജിസ്ട്രാറുമാര്‍, സാമൂഹ്യ നീതി ഓഫീസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.