അതിഥി തൊഴിലാളികള്‍ക്ക് ജില്ലയില്‍ മികച്ച കരുതല്‍

post

തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തില്‍ സ്വന്തം ജനതയുടെ സുരക്ഷയ്ക്കൊപ്പം അതിഥി തൊഴിലാളികള്‍ക്കും വേണ്ട കരുതല്‍ നല്‍കുകയാണ് തിരുവനന്തപുരം ജില്ല. തിങ്ങിപാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് ഇവരെ മാറ്റി പാര്‍പ്പിച്ചു. ചാല ഗവ. ബോയ്സ് ഹൈയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , മണക്കാട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എസ്.എം.വി. എച്ച്.എസ്.എസ് എന്നിവടങ്ങളിലായി 259 പേര്‍ക്കാണ്  താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ഇവര്‍ക്ക് മൂന്നു നേരം ഭക്ഷണം ലഭ്യമാക്കുന്നു. കൂടാതെ മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നല്‍കുന്നുണ്ട്.  നഗരസഭയുടെ ആരോഗ്യ വകുപ്പാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

ക്യാമ്പുകള്‍ നിരീക്ഷിക്കുന്നതിന്  തൊഴില്‍ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും ഇവിടെ  ഉണ്ടാകും.  ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ദിവസേന  മെഡിക്കല്‍ സംഘം ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവരെ ജനറല്‍  ആശുപത്രിയിലേയ്ക്കോ ഫോര്‍ട്ട് ആശുപത്രിയിലേക്കോ മാറ്റാന്‍ വേണ്ട ക്രമീകരണങ്ങളും സജ്ജമാണ്. ആയുര്‍വേദ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ പച്ചിലക്കൂട്ട് ഉപയോഗിച്ചു പുകച്ച് ശുചികരിക്കുന്നു.

അദിഥി തൊഴിലാളികള്‍ക്ക് സാമൂഹിക മാനസിക പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍  കണ്‍വീനറായി ജില്ലാതല മോണിറ്ററിങ്  കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായം ആവിശ്യമുളവര്‍ക്ക് ഫോണിലൂടെയോ നേരിട്ടോ കൗണ്‍സിലിങ് ലഭ്യമാക്കിവരുന്നു. ഇതിനുപുറമെ ലേബര്‍ ഓഫീസില്‍ മെന്റല്‍ ഹെല്‍ത്ത് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നും ആവശ്യസഹായം ലഭ്യമാക്കുന്നു.  

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തിലും ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ കീഴില്‍ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ അതിഥി തൊഴിലാളികള്‍ക്ക്  വേണ്ട നിര്‍ദേശങ്ങള്‍ തൊഴില്‍ വകുപ്പ് നല്‍കിയിരുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക്  വേണ്ട  മാസ്‌ക്, കയ്യുറ, സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍  കോണ്‍ട്രാക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹായത്തോടെ മാര്‍ച്ച് മാസം രണ്ട് മെഡിക്കല്‍ ക്യാമ്പുകളും മൂന്നു ബോധവത്കരണ ക്ലാസ്സുകളും തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചു. രോഗം വരാതിരിക്കാന്‍ വേണ്ട ജാഗ്രത നിര്‍ദ്ദേശങ്ങളും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ മനസ്സിലാക്കി നല്‍കിയിട്ടുണ്ട്.