സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം :ജില്ലയില്‍ 98.07% പൂര്‍ത്തിയായി

post

തൃശൂര്‍ : സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ടാംഘട്ടം 142.78 കോടി വിതരണം ചെയ്തു. ഇതോടെ സാമൂഹ്യ പെന്‍ഷന്റെ രണ്ടാംഘട്ട വിതരണം 98.07% പൂര്‍ത്തിയായി. 228423 ഗുണഭോക്താക്കള്‍ക്കാണ് ഇതുവരെ രണ്ടാംഘട്ട പെന്‍ഷന്‍ ലഭിച്ചത്. തൃശൂര്‍ താലൂക്കില്‍ 43799 പേര്‍ക്കും, ചാവക്കാട് 31389 മുകുന്ദപുരം 32235, ചാലക്കുടി 31940, തലപ്പിള്ളി 38226, കൊടുങ്ങല്ലൂര്‍ 28904, കുന്നംകുളം 21930 എന്നിങ്ങനെയാണ് പെന്‍ഷന്‍ ലഭിച്ചവര്‍. 158 സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്തത്.

രണ്ടാം ഘട്ടത്തില്‍ 2019 ഡിസംബര്‍, 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, മാസങ്ങളിലെ പെന്‍ഷനും ഏപ്രില്‍ മാസത്തിലെ പെന്‍ഷന്‍ അഡ്വാന്‍സുമാണ് നല്‍കുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 16.6 കോടി രൂപയും വാര്‍ദ്ധക്യകാല പെന്‍ഷന്‍ 70.63 കോടി രൂപ, വികലാംഗ പെന്‍ഷന്‍ 11.51 കോടി രൂപ, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 4.92കോടി രൂപ, വിധവാ പെന്‍ഷന്‍ 41. 86 കോടി രൂപ എന്നിങ്ങനെ ആകെ 145.58 കോടി രൂപയാണ് അനുവദിച്ചത്. കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാവിധ മുന്‍കരുതലുകളുമെടുത്താണ് പെന്‍ഷന്‍ വിതരണം നടത്തുന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ ഇതുവരെ 96.66 % പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി. ഇതില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ ആശുപത്രികളിലും വീടുകളിലുമുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മറ്റു സ്ഥലങ്ങളില്‍ പെട്ട് പെന്‍ഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉപഭോക്താക്കളുടെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഈ തുക വാങ്ങാന്‍ സൗകര്യം ഉണ്ടാവും.