കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

post

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.

അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകള്‍ ഏഴ് (തൃശൂര്‍ രണ്ടും പാലക്കാട് രണ്ടും മലപ്പുറത്ത് മൂന്നും ഒഴിവുകള്‍). ശമ്പള സ്‌കെയില്‍ 26500  - 56700. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംഘാടനപാടവവും കമ്പ്യൂട്ടര്‍ പ്രായോഗിക പരിജ്ഞാനവും ഉണ്ടാവണം. ദാരിദ്ര്യ നിര്‍മ്മാജ്ജനതൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതിപട്ടികവര്‍ഗ വികസന/ മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം.

എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തില്‍ അയയ്ക്കണം.

അപേക്ഷ 20ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും 21ന് രാവിലെ പത്ത് മുതല്‍ നടത്തും. ഇന്റര്‍വ്യൂവിനായി പ്രത്യേകം കത്ത് നല്‍കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org.