ലോക് ഡൗണിലും കര്‍മ്മനിരതമായി കുടുംബശ്രീ ജില്ലാ മിഷന്‍

post

തൃശൂര്‍ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുലമയി കുടുംബശ്രീ ജില്ലാ മിഷന്‍. ഈ കാലം പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിനായി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്നത്. 'പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്' പദ്ധതിയിലൂടെ കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ വില്‍പനക്കായി എത്തുന്നുണ്ട്. പാള കൊണ്ട് ഗ്രോ ബാഗ് നിര്‍മ്മിക്കാനുള്ള പരിശീലനവും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. മൈക്രോ ഗ്രീന്‍ അടുക്കള തോട്ടം നിര്‍മ്മിക്കാനുള്ള ക്യാമ്പയിനും 'അനുഭവത്തിലെ കൃഷി മന്ത്രങ്ങള്‍' എന്ന പേരില്‍ കൃഷിയുമായി ബന്ധപ്പെട്ട മത്സരങ്ങളും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്നു.

സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് വിളവെടുക്കുന്നതിലും പച്ചക്കറി വിപണനം ചെയ്യുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് 'പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്' പദ്ധതി ജില്ലാ മിഷന്‍ നടപ്പിലാക്കിയത്. വിഷരഹിത പച്ചക്കറി വീട്ടു മുറ്റത്ത് ലഭിക്കും എന്നതിനാല്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പിലൂടെ നിരവധി ടാസ്‌ക്കുകളാണ് ജില്ലാമിഷന്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കുന്നത്. പാള കൊണ്ടുള്ള ഗ്രോ ബാഗ് നിര്‍മ്മാണം അതിലൊന്നാണ്. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചു. പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് വഴി ഗ്രോ ബാഗ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത്. ജില്ലയില്‍ കവുങ്ങിന്‍ പാളകള്‍ സുഗമമായി ലഭിക്കുന്നതിനാല്‍ ധാരാളം അയല്‍ക്കൂട്ട അംഗങ്ങള്‍ പാള കൊണ്ട് ഗ്രോ ബാഗുകള്‍ നിര്‍മ്മിച്ചു.

മൈക്രോ ഗ്രീന്‍ അടുക്കളത്തോട്ടം ക്യാമ്പയിനായിരുന്നു മറ്റൊരു പ്രവര്‍ത്തനം. ഒരു ട്രേയും കുറച്ചു കോട്ടണ്‍ തുണിയും അല്ലെങ്കില്‍ ടിഷ്യു പേപ്പറും ഉപയോഗിച്ചാണ് മൈക്രോ ഗ്രീന്‍ അടുക്കളത്തോട്ടം തയ്യാറാക്കുക. ഇതിനുള്ള നിര്‍ദ്ദേശവും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇലക്കറികള്‍ രോഗപ്രതിരോധ ശേഷി കൂട്ടും എന്നതിനാല്‍ കോവിഡ് പ്രതിരോധത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കുവാന്‍ ഇത് വഴി ജില്ല മിഷന് സാധിച്ചു.

ഇതോടൊപ്പം കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് കോവിഡ് കാലത്തെ കൃഷി അനുഭവങ്ങള്‍, നാടന്‍ പാട്ടുകള്‍, കാര്‍ട്ടൂണുകള്‍, കഥ, കവിത തുടങ്ങിയവ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും വീഡിയോ മുഖേനയും ഓഡിയോ മുഖേനയും കുറിപ്പുകളായി ശേഖരിക്കുകയും ജില്ലയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുവാനും മികച്ച കുറിപ്പുകള്‍ 'അനുഭവത്തിലെ കൃഷി മന്ത്രങ്ങള്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനും ജില്ല മിഷന് പദ്ധതിയുണ്ട്. കൊറോണ കാലത്തെ വിഷു കൈനീട്ടം എന്ന പേരില്‍ ജില്ലയിലെ സംഘകൃഷി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വാങ്ങി അവ ജില്ലയിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൈനീട്ടമായും കുടുംബശ്രീ ജില്ല മിഷന്‍ നല്‍കിയിരുന്നു. ഈ പ്രതിസന്ധികാലത്തും ഇത്തരം നിരവധി പ്രവര്‍ത്തങ്ങളാണ് കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പിലാക്കി വരുന്നത്.