ദുരിതം അനുഭവിക്കുന്നവരോടുള്ള കുട്ടികളുടെ കരുതല്‍ വലുത്: മുഖ്യമന്ത്രി

post

തിരുവനന്തപുരം : ദുരിതം അനുഭവിക്കുന്നവരോടുള്ള കുട്ടികളുടെ കരുതല്‍ വലുതാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് കോവിഡ് 19 കാലത്ത് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ കത്തിച്ചുവെന്ന വാര്‍ത്ത പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് തിരുവനന്തപുരം വ്ളാത്താങ്കര സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന സ്വീകരിക്കുന്നത് സംബന്ധിച്ച പ്രോജക്ട് കഴിഞ്ഞ ആഗസ്റ്റില്‍ തയ്യാറാക്കി സമര്‍പ്പിച്ച കുട്ടിയാണ് ആദര്‍ശ്. അഞ്ചാം ക്ലാസ് മുതല്‍ മുടക്കമില്ലാതെ സി. എം. ഡി. ആര്‍. എഫില്‍ ആദര്‍ശ് സംഭാവന നല്‍കുന്നു. വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥന കുട്ടികള്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കുട്ടികളുടെയെല്ലാം പേരു പറയുന്നത് കുഞ്ഞു മനസുകളുടെ വലിപ്പം ലോകം അറിയണമെന്നതിനാലാണ്.

ഇത്തരത്തില്‍ ജനങ്ങളുടെ ദുരിതം മനസിലാക്കി സംഭാവന നല്‍കുന്ന നിരവധി പേരുണ്ട്. ചായക്കച്ചവടം നടത്തുന്ന കൊല്ലം സ്വദേശിയായ സുബൈദ ആടിനെ വിറ്റു കിട്ടിയ പണത്തിന്റെ ഒരു വിഹിതമായ 5510 രൂപ സംഭാവന നല്‍കി. കുരുമുളക് വിറ്റ പണം സംഭാവന ചെയ്തവരുണ്ട്. ത്വഗ് രോഗാശുപത്രിയിലെ അന്തേവാസികള്‍ സ്പെഷ്യല്‍ മീല്‍ വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അവരൊന്നും ഇത് ചെയ്യുന്നത് പ്രതിഫലം പ്രതീക്ഷിച്ചല്ല. സഹജീവികളോടു കരുതല്‍ വേണമെന്ന മാനസികാവസ്ഥയാണ് ആബാലവൃദ്ധം ജനങ്ങളെയും നയിക്കുന്നത്. ഒരേ മനസോടെയാണ് ഉദ്യോഗസ്ഥ വിഭാഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് അവര്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ട്. അതിനാല്‍ സര്‍ക്കാര്‍ ആഹ്വാനത്തിന് മുമ്പ് തന്നെ നിരവധി പേര്‍ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാലാണ് ഉത്തരവിറക്കിയത്. എന്നാല്‍ അതിനു സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട്. ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.