നമസ്‌കാരം ചൊല്ലി, സന്തോഷം പങ്കുവച്ച് അതിഥി തൊഴിലാളികൾ

post

തൃശ്ശൂര്‍: എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഇന്നലെ തൃശൂർ ജില്ലകളിലെ വിവിധ അതിഥി തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തി. തൃശൂർ കുട്ടനെല്ലൂർ ഹൈലൈറ്റ് കൺസ്ട്രക്ഷൻ സൈറ്റ് സന്ദർശിച്ച അദ്ദേഹം ക്യാമ്പിലെ 70 - ഓളം ഇതര സംസ്ഥാന തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

കമ്മ്യൂണിറ്റി കിച്ചൺ, മറ്റ് പ്രൊവിഷനുകൾ വഴി തങ്ങൾക്ക് നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. തുടർന്ന് മാടക്കത്തറ പവർഗ്രിഡ് കോർപ്പറേഷന്റെ വർക്ക് സൈറ്റിലെ 113 തൊഴിലാളികളെയും കണ്ടു. തങ്ങളുടെ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥന് ചുറ്റും ഓടിയെത്തിയ അവർ നാട്ടിൽ പോകാൻ കഴിയുന്നില്ലയെന്ന് വ്യക്തമാക്കി. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ യാത്രാ സൗകര്യം ലഭ്യമല്ലാത്തതിനാൽ ഏവരും ശാന്തമായി താമസിക്കുന്നയിടത്തുതന്നെ തുടരണം എന്ന് കമ്മീഷണർ നിർദ്ദേശിച്ചു.വ്യക്തിശുചിത്വം പാലിക്കുന്നതിനും മാസ്‌ക്ക് ഉപയോഗിക്കുന്നതിനൊപ്പം സാമൂഹ്യ അകലം സൂക്ഷിക്കുന്നതിനും കമ്മീഷണർ നിർദ്ദേശിച്ചു. തുടർന്ന് ശോഭാ സിറ്റിയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം പാലക്കാട് ജില്ലയിലെ വിവിധ ക്യാമ്പുകളും സന്ദർശിച്ചു. സന്ദർശിച്ച എവിടെയും പരാതികൾ ഒന്നുതന്നെയില്ലായെന്നും ലേബർ കമ്മീഷണർ വ്യക്തമാക്കി.

തൊഴിലാളികളുടെ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാനസികമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കൗൺസിലേഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസറും സംഘവും സ്ഥിരമായി എല്ലാ ക്യാമ്പുകളും പരിശോധിച്ചുവരുന്നു. സംസ്ഥാനതലത്തിലും ഇതേ നടപടി സ്വീകരിച്ചുവരുന്നു. അവരുടെ വിനോദത്തിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഡീഷണൽ ലേബർ കമ്മീഷണർ, കെ. ശ്രീലാൽ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ എന്നിവരും കമ്മീഷണർക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.