പഴുതടച്ച നിരീക്ഷണം ; കര്‍മ്മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍

post

വയനാട് : ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമങ്ങള്‍ തോറും അക്ഷീണം പ്രവര്‍ത്തിക്കുകയാണ് ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍. ഹെല്‍ത്ത് ഇന്‍സ്പെകടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ്,  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ വലിയൊരു നിരയാണ് ആരോഗ്യ വകുപ്പില്‍ നിശബ്ദമായി പോരാട്ടത്തിലുള്ളത്.  ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ഇവര്‍ ഊര്‍ജ്ജിതമായ രോഗ പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നു. പുറമെ നിന്നും വന്നവരെ നിരീക്ഷിണത്തിലാക്കു ന്നതില്‍ തുടങ്ങി കോവിഡ് രോഗികളുടെ ആസ്പത്രി അനന്തര പരിപാലനത്തില്‍ വരെ ഇവരുടെ മേല്‍നോട്ടമുണ്ട്.

120 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 901 ആശാവര്‍ക്കര്‍മാര്‍, 31 പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, 32 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രണ്ടു വീതം  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരടങ്ങിയ സേന മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കരുത്തുറ്റ  സാന്നിധ്യമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഓരോ ദിവസവും ശേഖരിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണ്. കോളനികളിലെ ആരോഗ്യ പരിപാലനത്തിലും രംഗത്തുണ്ട്. പൊതുജനാരോഗ്യ നിയമങ്ങളുടെ ബോധവത്കരണവും തടസ്സമില്ലാതെ ഇതോടൊപ്പം ഇവര്‍ ഏറ്റെടുക്കുന്നു. രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിങ്ങ് നല്‍കി  മാനസിക പിന്തുണ ഉറപ്പാക്കുന്നു. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ മുടങ്ങാതെ പി.എച്ച്.സി, സി.എച്ച്സി വഴി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മരുന്നു വീടുകളില്‍  എത്തിച്ച് നല്‍കുന്നു. അതിഥി തൊഴിലാളികളുടെ ആരോഗ്യ ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഇവര്‍ ഏറ്റെടുക്കുന്നു.

        കൃത്യമായ വിവരശേഖരണവും പിന്തുടര്‍ച്ചയും ബോധവല്‍ക്കരണവും ജില്ലയില്‍  കോവിഡ് വ്യാപനം തടയുന്നതിന് സഹായകരമായി.  അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എക്സൈസ്, സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ജില്ലയിലെ പതിനാല് ചെക്ക് പോസ്റ്റുകളിലും ഇരുപത്തി നാലു മണിക്കൂറും ഈ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമുണ്ട്.