ലോക എയ്ഡ്‌സ് ദിനാചരണം: ജില്ലാതല പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും

post

മലപ്പുറം: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് നാലു ദിവസം നീളുന്ന സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് (നവംബര്‍27) തുടക്കമാവും. ജനപങ്കാളിത്തത്തോടെ ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരിയുടെ അധ്യക്ഷതയില്‍ മലപ്പുറത്തു ചേര്‍ന്ന യോഗം രൂപം നല്‍കി. 'ഞാന്‍ എച്ച്.ഐ.വി. പോസിറ്റീവായാല്‍' എന്ന ആശയം മുന്‍നിര്‍ത്തി ഇന്ന് രാവിലെ 9.30ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്തും 10.30ന് നിലമ്പൂര്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും ബോധവത്കരണ പരിപാടികള്‍ നടക്കും. വൈകീട്ട് നാലിന്പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. എച്ച്.ഐ.വി. പോസിറ്റീവായവര്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള സന്ദേശങ്ങളുമായി നവംബര്‍ 28ന് വൈകീട്ട് അഞ്ചു മുതല്‍ ആറു വരെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിക്കടുത്ത് ഫ്‌ളാഷ് മോബും അരങ്ങേറും.

ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ബോധവത്ക്കരണ പരിപാടിയും സന്ദേശ പ്രചരണവും നടക്കും. ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് മലപ്പുറം കോട്ടക്കുന്ന് മൈതാനത്തു നടത്തുന്ന കാന്‍ഡില്‍ ലൈറ്റിങാണ് മുഖ്യ ആകര്‍ഷണം. റെഡ് റിബണ്‍ മാതൃകയിലൊരുക്കുന്ന വെളിച്ച സംവിധാനത്തിനുള്ളില്‍ പൊതുജന പങ്കാളിത്തത്തോടെ യാവും കാന്‍ഡില്‍ ലൈറ്റിങ്. ഡിസംബര്‍ രണ്ടിന് വൈകീട്ട് 4.30ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും കോട്ടക്കുന്ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് എയ്ഡ്‌സ് ദിന സന്ദേശ റാലി നടക്കും.

ഇതിനു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകള്‍ സന്നദ്ധ സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പുകളും സന്ദേശ പ്രചരണ ഫുട്‌ബോള്‍ മേളകളും റാലികളും നടക്കും. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ കൂടിയായ ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സി.ബി. പ്രദീഷ് യോഗത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.