ലോക മലമ്പനി നിവാരണദിനം ഇന്ന്

post

'മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം'

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന കാലത്തും മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 'മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 2007 മുതല്‍ ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിച്ചുവരികയാണ്. ലോക രാജ്യങ്ങള്‍ മലമ്പനിയ്‌ക്കെതിരായി ഇതുവരെ നടത്തിയതും ഇനി തുടരേണ്ടതുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കൊതുകില്‍ നിന്നും രക്ഷ നേടിയാല്‍ തന്നെ മലമ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണം ശക്തിപ്പെടുത്തേണ്ടതാണ്. മലമ്പനിയ്ക്ക് മറ്റു പനിയുടെ ലക്ഷണങ്ങളുമായി സാമ്യ മുള്ളതിനാല്‍ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അംഗീകൃത ചികിത്സാ മാര്‍ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലമ്പനി നിവാരണ ത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഈ ലക്ഷ്യ പ്രാപ്തിക്കായി ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പിന്റേയും, ഇതര വകുപ്പുകളുടേയും, ഏജന്‍സികളുടേയും പൊതുജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

രോഗാണു

പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. പ്ലാ: വൈവാക്‌സ്, പ്ലാ: ഫാല്‍സി പാറം എന്നീ രണ്ടിനങ്ങളാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. പ്ലാസ്‌മോഡിയം ഫാല്‍സി പാറം സെറിബ്രല്‍ മലേറിയ പോലെയുള്ള (തലച്ചോറിനെ ബാധിക്കുന്നത്) ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന്‍ സാധ്യതയുള്ളതാണ്.

രോഗപ്പകര്‍ച്ച

കൊതുകുജന്യ രോഗമായ മലമ്പനി അനോഫിലിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് പകര്‍ത്തുന്നത്. മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും രോഗ ബാധയുണ്ടാകാം. ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനു രോഗം പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണ ങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

രോഗസ്ഥിരീകരണം

കൈവിരലുകളില്‍ നിന്നും എടുക്കുന്ന രണ്ടോ മൂന്നോതുള്ളി രക്തം കൊണ്ട് സ്മിയര്‍ ഉണ്ടാക്കി മൈക്രോസ്‌കോപ്പില്‍ കൂടി നോക്കി രോഗം സ്ഥിരീകരിക്കുവാനും ഏതു വിഭാഗത്തില്‍ പെട്ട മലമ്പനിയാണെന്ന് കണ്ടുപിടിക്കാനും സാധിക്കും. കൂടാതെ ബൈവാലന്റ് ആര്‍.ഡി.റ്റി കിറ്റുകള്‍ (ദ്രുത പരിശോധനാ കിറ്റുകള്‍) ഉപയോഗിച്ചും മലമ്പനി രോഗം സ്ഥിരീകരിക്കാനാവും. ഇവ തികച്ചും സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ആരംഭത്തിലേ രോഗം കണ്ടുപിടിച്ച് സമ്പൂര്‍ണ്ണ ചികിത്സ ഉറപ്പാക്കുക.

കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിയ്ക്കുകയോ, കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യുക.

തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളില്‍ വെള്ളം കെട്ടി നിന്ന് കൂത്താടികള്‍ പെരുകാന്‍ കാരണമാകും. കൊതുകു നാശിനികള്‍ തളിയ്ക്കുകയോ, ബോട്ടുകള്‍ കമഴ്ത്തിയിടുകയോ ചെയ്യുക.

റോഡ്/കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ജല ദൗര്‍ല്ലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും, പാത്രങ്ങളിലും കൊതുക് വളരുന്നി ല്ലെന്നുറപ്പാക്കുക.

രോഗ നിയന്ത്രണം

ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു കുടും ബാംഗങ്ങളുടേയും ചുറ്റുമുള്ള 50 വീടുകളില്‍ ഉള്ളവരുടേയും രക്ത പരിശോധന നടത്തി രോഗപ്പകര്‍ച്ച സാധ്യത നിര്‍ണ്ണയിക്കേ ണ്ടതാണ്. പത്ത് ദിവസത്തിനുള്ളില്‍ ഐ.ആര്‍.എസ് (വീടിനുള്ളിലെ ചുമരില്‍ കീടനാശിനി തളിക്കുന്നത്) ഐ.എസ്.എസ്, ഫോഗിംഗ് എന്നീ കൊതുക നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തേ ണ്ടതാണ്. അതിനായി പൊതുജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കേണ്ടതാണ്.

ശ്രദ്ധിയ്ക്കുക

പനിയുള്ളപ്പോള്‍ രക്തം പരിശോധിച്ച് മലമ്പനി അല്ലെന്നുറപ്പു വരുത്തുക. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയ്‌ക്കെതിരെയുള്ള സമ്പൂര്‍ണ്ണ ചികിത്സ തികച്ചും സൗജന്യമായി ലഭ്യമാണ്. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏവരും പങ്കാളികളാകുക.