മാലിന്യമുക്ത പഞ്ചായത്താവാന്‍ വാഴത്തോപ്പ്

post

ഇടുക്കി: പഞ്ചായത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനം  ആരംഭിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി സെന്ററിന്റെ  ഉദ്ഘാടനം  നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് റിന്‍സി സിബി  ഭരണഘടന ദിനാഘോഷത്തോടനുബന്ധിച്ച്  ഭരണഘടന  പ്രതിജ്ഞയും ചൊല്ലി കൊടുത്തു.

ശുചിത്വ മിഷനും വാഴത്തോപ്പ് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ശുചിത്വ മിഷന്റെ 13 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്താണ്  ഫെസിലിറ്റി സെന്റര്‍. ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്തില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടെ വച്ച് തരം തിരിച്ച്  വേര്‍തിരിച്ചു സൂക്ഷിക്കും. ജൈവ മാലിന്യങ്ങള്‍ മണ്ണിര കമ്പോസ്റ്റു ആക്കി മാറ്റും. ബാക്കി ഉള്ളവ നെടുംകണ്ടം പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തില്‍ എത്തിക്കും. പൊതു സ്ഥലങ്ങളില്‍ നിന്ന് പഞ്ചായത്ത് നേരിട്ടും വീടുകളില്‍ നിന്ന് ഹരിത കര്‍മസേനയുമാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വട്ടപ്പാറ, പഞ്ചായത്ത് അംഗങ്ങളായ സെലിന്‍ വി.എം, റോയ് ജോസഫ്, ആലീസ് ജോസ്,  ടോമി ജോര്‍ജ്, ഷിജോ തടത്തില്‍, കെ.എം ജലാലുദീന്‍,  റീത്ത സൈമണ്‍,  കുടുംബശ്രീ സിഡിഎസ് ചെയര്‍പേര്‍സന്‍ ജിജി ബാബു, വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രധിനിധികള്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.