ലോക്ക്ഡൗണിനെ ആനന്ദപ്രദമാക്കി മാറ്റി ഭിന്നശേഷി വിദ്യാര്‍ഥികള്‍

post

പത്തനംതിട്ട : ബഡ്‌സ് സെന്ററില്‍ പോകേണ്ടെങ്കിലും വൈകിട്ട് ടീച്ചര്‍ വിളിക്കുമ്പോള്‍ അന്നന്നു ചെയ്ത കാര്യങ്ങളും വീട്ടില്‍ പഠിച്ച പണികളും വിവരിക്കാനുള്ള തിരിക്കിലാണ് പൊന്നു വിജയന്‍. ഇത് ഉളനാട് പ്രതീക്ഷാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ പൊന്നുവിന്റെ മാത്രം കാര്യമല്ല. സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലേയും സ്‌പെഷ്യല്‍ സ്‌കൂളുകളിലേയും വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വീട്ടില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം ആടിയും പാടിയും കഥകള്‍ കേട്ടും വീട്ടുജോലികള്‍ പഠിച്ചും ലോക്ക്ഡൗണ്‍ കാലത്തെ അനന്ദപ്രദമാക്കി മാറ്റുന്നത്.

അഞ്ച് വയസുമുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളാണ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നത്. പകല്‍ പരിപാലന തൊഴിലിടമായ ബഡ്‌സ് റീഹാബിറ്റേഷന്‍ സെന്ററുകളില്‍ 18 നും 40 നും ഇടയില്‍ പ്രായമായവരാണ് ഉള്ളത്. ജില്ലയിലെ 11 സ്‌പെഷ്യല്‍ സ്‌കൂളുകളിലും ഏഴ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലുമായുള്ള ഇത്തരം വിദ്യാര്‍ഥികളൊക്കെയും അവരവരുടെ വീടുകളിലിരുന്നു സുരക്ഷിതരായി കൃഷി മുതല്‍ വീട്ടുകാര്യങ്ങള്‍വരെ പഠിക്കുകയാണിപ്പോള്‍.

ലോക്ക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അടച്ചിടപ്പെട്ട അവസ്ഥ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയാകും. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പാക്കിയത്. ലോക്ക്ഡൗണ്‍ സമയം ഭിന്നശേഷികുട്ടികള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുകയും, ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഉണര്‍വ് 2020 പദ്ധതിയിലൂടെയാണ് വിദ്യാര്‍ഥികള്‍ സര്‍ഗവാസനകള്‍ പരിപോഷിപ്പിച്ച് സ്വന്തം വീടിനെ കലാവേദിയാക്കി മാറ്റുന്നത്.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫോണ്‍, വാട്‌സ്ആപ്പ്  എന്നിവ മുഖേനയാണ് ടീച്ചര്‍മാര്‍ ദിവസവും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഓരോ കുട്ടിയും ഓരോ ദിവസം ചെയ്യേണ്ട പ്രവൃത്തി എന്താണെന്നു രക്ഷിതാക്കളെ അറിയിക്കും. വീടുകളിലെ ദൈനംദിന ജോലികള്‍, കൃഷി, ചിത്രരചന, സംഗീത ഉപകരണങ്ങള്‍ പഠിപ്പിക്കുക, കവിതകള്‍, നാടന്‍ പാട്ടുകള്‍, അവരവരുടെ വ്യത്യസ്ഥ കഴിവുകളെ കണ്ടെത്തല്‍, അക്ഷര പഠനം, പത്ര വായന, തയ്യല്‍, സിനിമാ ഗാനങ്ങള്‍, ചെടി പരിപാലനം എന്നിങ്ങനെ സ്വയം പര്യാപ്തത നേടാനുള്ള പരിശീലനമാണ് അധ്യാപകര്‍ ഫോണിലൂടെയോ വാട്സ്ആപ്പ് മുഖേനയോ വിദ്യാര്‍ഥികള്‍ക്കായി ഓരോ ദിവസവും നല്‍കുന്നത്. അധ്യാപകര്‍ കുട്ടികളുടെ കഴിവനുസരിച്ച് രണ്ടോ മൂന്നോ ഗ്രൂപ്പായി തിരിച്ച് അവര്‍ക്കുള്ള ആക്ടിവിറ്റികളുടെ ലിസ്റ്റ് തയാറാക്കി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കും.

കുട്ടികളുടെ ആരോഗ്യം, മരുന്ന് ലഭ്യത എന്നിവ അതത് മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കി നല്‍കുന്നതായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ജെ. ഷംലാ ബീഗം പറഞ്ഞു. ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 80 കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും സാമൂഹ്യ നീതിവകുപ്പിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ മാനസിക പിരിമുറുക്കം ഉണ്ടായാല്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ട് ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കാനുള്ള സൗകര്യവും നിലവിലുണ്ട്. ടീച്ചര്‍മാരുമായി വിദ്യാര്‍ഥികള്‍ ഫോണ്‍ മുഖേന ദിവസവും സംവദിക്കുന്നതിനാല്‍ അവര്‍ക്ക് ഒരു പരിധിവരെ സ്‌കൂള്‍ പരിശീലന അനുഭവവും ഉറപ്പാകുന്നുണ്ട്.