ബാലവകാശ കമ്മീഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം. ദിനേശ് എം പിള്ള

post

ഇടുക്കി: ജില്ലയിലെ ബാലവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും സംഘടനകളുടെ ഏകോപനത്തിലൂടെ ശക്തമായ പ്രവര്‍ത്തനം ഇനിയും നടത്തണമെന്നും സബ് ജഡ്ജ് ദിനേശ് എം പിള്ള. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ  ബാലനീതി  കര്‍ത്തവ്യവാഹകരുടെ  സംയോജിതശില്പശാല കളക്ട്രേറ്റില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെയും എക്‌സൈസിന്റെയും ശക്തമായ ഇടപെടല്‍ വേണം. അതോടൊപ്പം ഹൈറേഞ്ചില്‍ പോക്‌സോ കോടതിയും നിര്‍ഭയ കേന്ദ്രങ്ങളും ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന ദിനാഘോഷത്തോടനുബന്ധിച്ച്  ഭരണഘടന  പ്രതിജ്ഞയും ചൊല്ലി കൊടുത്തു . യോഗത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രീമ എ.ജെ സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് ശിശു സംരക്ഷണ പദ്ധതികള്‍, നിര്‍വഹണ രീതികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.  സംയോജിത ശാക്തീകരണ പ്രവര്‍ത്തന രീതി അവതരണം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍  സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ ജോര്‍ജ്ജ് നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ്, ഡെപ്യൂട്ടി കളക്ടര്‍ സാബു കെ ഐസക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റ്യന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.