കോവിഡ് 19: സാമൂഹ്യ അകലം പാലിക്കാന്‍ കുട പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ : സാമൂഹ്യ അകലം പാലിക്കാന്‍ മഴയെത്തും വെയ്ലെത്തും പ്രതിരോധം തീര്‍ക്കാന്‍ 'കുട ' പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്.  പഞ്ചായത്തിന്റെ പുതുമയാര്‍ന്ന പദ്ധതിയെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ധനമന്ത്രി തോമസ് ഐസക്കും അഭിനന്ദിച്ചു.  കലവൂര്‍ കെ.എസ്.ഡി.പി യില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ ഭാരവാഹികള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും കുടകള്‍ വിതരണം ചെയ്താണ് പ്രഖ്യാപനം നടത്തിയത്.  ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, എ എം ആരിഫ് എം പി എന്നിവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയില്‍പ്പെടുത്തി സബ്സിഡി നിരക്കിലാകും കുടകള്‍ നല്‍കുക. ആറായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങളും രണ്ടായിരത്തോളം തൊഴിലുറപ്പ് അംഗംങ്ങള്‍ക്കും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ക്കാണ്   കുട നല്‍കുന്നത്. കുടവാങ്ങുവാന്‍ പണമില്ലാത്തവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലും ഇരുപത് രൂപ, അന്‍പത് രൂപ  മുതല്‍ ഇരുന്നൂറ് രൂപ വരെ നിരക്കുകളായാണ് കുടകള്‍ വിതരണം ചെയ്യുന്നത്. കുടയോടൊപ്പം രണ്ട് മാസ്‌ക്കുകളും സൗജന്യമായി നല്‍കും.

കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുളള മാരി മാര്‍ക്കറ്റിംഗ് വിഭാഗമാണ് കുടയൊരുക്കുന്നത്. പഞ്ചായത്തിലെ തന്നെ ആറ് യൂണിറ്റുകളാണ് ഒരു ലക്ഷത്തോളം മാസ്‌ക്കുകളും തയ്യാറാക്കുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ്, കെ.എസ്.ഡി.പി ചെയര്‍മാന്‍  സി.ബി ചന്ദ്രബാബു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു